ദോഹ: രാജ്യത്തെ പൊതുഗതാഗത കമ്പനിയായ മൂവസലാത്ത് കര്‍വ ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചതിലൂടെ പ്രതിദിന ടാര്‍ജറ്റ് തികയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കര്‍വ ടാക്‌സി ഡ്രൈവര്‍മാര്‍. എന്നാല്‍ പുതിയ താരിഫ് സംബന്ധിച്ച് യാത്രക്കാര്‍ക്കിടയില്‍ ബോധവത്കരണം അനിവാര്യമാണെന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു.
ഫെബ്രുവരി ഒന്നു മുതലായിരുന്നു കര്‍വ ടാക്‌സി നിരക്ക് വര്‍ധന പ്രാബല്യത്തില്‍ എത്തിയത്. ഇന്ധനവില വര്‍ധനയും വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചിലവും പ്രവര്‍ത്തനച്ചെലവും വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിരക്ക് വര്‍ധനയെന്ന് മൂവസലാത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
നിരക്ക് ഒരു റിയാല്‍ ഏര്‍പ്പെടുത്തി കൊണ്ട് മിനിമം നിരക്ക് പതിനൊന്ന് റിയാലാക്കിയാണ് ഉയര്‍ത്തിയത്. നേരത്തെ മിനിമം നിരക്ക് പത്ത് റിയാലായിരുന്നു. ദോഹ നഗരത്തിനുള്ളില്‍ പകല്‍ സമയങ്ങളില്‍ ഒരു കിലോമീറ്ററിന് 1.20 റിയാല്‍ എന്നത് 1.60 റിയാലാക്കിയും വര്‍ധിപ്പിച്ചു. നഗരത്തിനകത്തും പുറത്തും രാത്രി യാത്രയ്ക്ക് കിലോമീറ്ററിന് 1.80 എന്നത് 1.90 ആയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഫ്‌ളാഗ് ഫാള്‍ നിരക്ക് നാല് റിയാലാണ്.