തറയില്‍ കിടന്നുറങ്ങി; ലാളിത്യം തെളിയിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി

ബംഗളൂരു: സമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റി കര്‍ണാടക മുഖ്യമന്ത്രി. സര്‍ക്കാര്‍ സ്‌കൂളില്‍ നിലത്ത് കിടന്നുറങ്ങിയാണ് എച്ച്.ഡി കുമാരസ്വാമി തന്റെ ലാളിത്യം തെളിയിച്ചത്. ഉത്തര കര്‍ണാടകയിലെ യദ്ഗിര്‍ ജില്ലയിലെ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം.

വെള്ളിയാഴ്ച ട്രെയിന്‍ മാര്‍ഗം യദ്ഗിറിലെത്തിയ കുമാരസ്വാമി പിന്നീട് ‘ഗ്രാമ വാസ്തവ്യ’ പരിപാടിയുടെ ഭാഗമായി ചന്ദ്രകി ഗ്രാമത്തിലെത്തുകയായിരുന്നു. ഗ്രാമങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ അടുത്തറിയുക എന്നതാണ് ഗ്രാമ വാസ്തവ്യയുടെ ലക്ഷ്യം. 2006-07 കാലഘട്ടത്തില്‍ ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ കുമാരസ്വാമി തുടങ്ങിയ പരിപാടിയാണിത്.

ചന്ദ്രകി ഗ്രാമത്തിലെ ആളുകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്ത മുഖ്യമന്ത്രി രാത്രി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും നിലത്ത് കിടന്നുറങ്ങുകയും ചെയ്തു. പിന്നീട് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ജനങ്ങള്‍ക്കുവേണ്ടി റോഡില്‍ കിടന്നുറങ്ങാനും തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Top