ബംഗളുരു: സുപ്രീംകോടതി വിധി കൂട്ടക്കൂറുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കര്‍ണാടകയില്‍ ജെ.ഡി.എസ് – കോണ്‍ഗ്രസ് മുന്നണി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുമ്പോള്‍ രാജി വിമത എം.എല്‍.എമാര്‍ പങ്കെടുക്കണമെന്ന് ആര്‍ക്കും നിര്‍ബന്ധിക്കാനാവില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെയാണ് വേണുഗോപാല്‍ രംഗത്തെത്തിയിരിക്കുന്നത്.
സുപ്രീംകോടതിക്ക് എങ്ങനെയാണ് നിയമസഭയുടേയും സ്പീക്കറുടേയും അധികാരത്തില്‍ ഇടപെടാന്‍ കഴിയുക. ഒരു അംഗം കൂറുമാറി വോട്ടു ചെയ്താല്‍ അയോഗ്യനാക്കുന്നതുള്‍പ്പെടെ നടപടി എടുക്കാനുള്ള അധികാരം സ്പീക്കര്‍ക്കുണ്ട്. അത് ചോദ്യം ചെയ്യുകയാണ് സുപ്രീം കോടതി. എം.എല്‍.എമാരെ നിര്‍ബന്ധിച്ച് സഭയില്‍ എത്തിക്കരുതെന്ന നിര്‍ദേശം ഇതിന് തെളിവാണെന്നും, നിയമപരമായി ഇതിനെ നേരിടുമെന്നും വേണുഗോപാല്‍ പറഞ്ഞു.
വിപ്പു കൊടുക്കുക നിയമസഭയില്‍ പങ്കു ചേരുക എന്നതൊക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ അധികാരത്തില്‍ പെട്ടതാണ്. ഇതില്‍ സുപ്രീംകോടതിക്ക് എങ്ങനെയാണ് ഇടപെടാനാകുക. ഇത് കര്‍ണാടകയില്‍ മാത്രമല്ല മറ്റ് പലസ്ഥലങ്ങളിലും പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.