വകുപ്പുകള്‍ക്ക് ‘മാര്‍ക്കിടാന്‍’ പ്രധാനമന്ത്രിയും, എത്ര തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചെന്ന്

ന്യൂഡല്‍ഹി: പിണറായി മോഡല്‍ മാര്‍ക്കിടലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പ്രവര്‍ത്തന മികവ് വിലയിരുത്താന്‍ ഓരോ വകുപ്പുകളോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് മോദി. ഓരോ വര്‍ഷവും ഒരു കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍, നാല് വര്‍ഷം കൊണ്ട് രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിച്ചതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചതിന് പിന്നാലെയാണിത്.

ഓരോ വകുപ്പും തങ്ങളുടെ കീഴില്‍ എത്ര പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി,അതിലൂടെ എത്ര തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു എന്നത് സംബന്ധിച്ച വിശദമായ കണക്കാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പദ്ധതികളെല്ലാം മൊത്ത ആഭ്യന്തര ഉല്‍പാദനത്തെ (ജി.ഡി.പി) എങ്ങനെ സ്വാധീനിച്ചുവെന്നും വിശദമാക്കാന്‍ മോദി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഈ മാസം 26 ന് കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ എത്തി നാല് വര്‍ഷം പൂര്‍ത്തിയാവുകയാണ്. പൊതുതിരഞ്ഞെടുപ്പിന് മുമ്പ് മേയ് 12ന് നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് സര്‍ക്കാരിന് വലിയൊരു പരീക്ഷണമാണ്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയുടെ അഭിമാന പോരാട്ടമാണ് കര്‍ണാടകയിലേ തിരഞ്ഞെടുപ്പ്.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം റെക്കാഡ് നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞെങ്കിലും എത്ര തൊഴിലവസരങ്ങള്‍ ഇത് സൃഷ്ടിച്ചു എന്നത് സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ ഒന്നും തന്നെ സര്‍ക്കാരിന്റെ പക്കലില്ല. 2016ലുണ്ടായ മാന്ദ്യം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയിരുന്നു.

60 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ് തൊഴിലില്ലായ്മയെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞിരുന്നു. അതിനാല്‍ തന്നെ, പൊതു സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി വ്യ്ക്തമാക്കിയിരുന്നു. ഏപ്രിലില്‍ ഇന്ത്യയുടെ തൊഴില്ലായ്മ നിരക്ക് 5.86 ശതമാനത്തില്‍ നിന്ന് 6.23 ശതമാനമായിരുന്നു. 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.

Top