ഭരണം ഉറപ്പിക്കുവാന്‍ പണവും വാഗ്ദാനം; ബിജെപിയ്‌ക്കെതിരെ ആരോപണവുമായി നേതാക്കള്‍

bjp karnataka

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ നെട്ടോട്ടമോടുകയാണ് നേതാക്കള്‍. അധികാരത്തിനായി ബിജെപി, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ എംഎല്‍എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്‌തെന്നാണ് പുതിയ ആരോപണം. കൂറുമാറാന്‍ ബി.ജെ.പി പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്‌തെന്ന് വ്യക്തമാക്കിയത് ജെ.ഡി.എസ് എം.എല്‍.എ പുട്ട രാജുവാണ്.

എന്നാല്‍, ബി.ജെ.പിയുടെ ഇത്തത്തിലുള്ള വാഗ്ദാനങ്ങള്‍ തങ്ങള്‍ തള്ളികളഞ്ഞെന്നും, മുഴുവന്‍ എം.എല്‍.എമാരും പാര്‍ട്ടിക്ക് കൂറു പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എം.എല്‍.എമാരുടെ പിന്തുണ ജെ.ഡി.എസിനും കോണ്‍ഗ്രസ്സിനും ഉണ്ടെന്ന് ജെ.ഡി.എസ് നേതാവ് ഡാനിഷ് അലിയും വ്യക്തമാക്കിയിട്ടുണ്ട്.

കുമാരസ്വാമിയെ ക്ഷണിച്ചു കൊണ്ട് ഗവര്‍ണര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുമെന്നാണ് കരുതുന്നതെന്നും, എന്നാല്‍ ഗവര്‍ണര്‍ക്കു മേലും ബി.ജെ.പി സമ്മര്‍ദം ചെലുത്തുകയാണെന്നും ഡാനിഷ് അലി ആരോപിച്ചു. കൂടാതെ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ്സ് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും വ്യക്തമാക്കിയിട്ടുണ്ട്.

Top