ബംഗളൂരു: മകന്റെ വീട്ടിൽ നടത്തിയ ലോകായുക്ത റെയ്ഡിൽ 8.12 കോടി കണ്ടെടുത്തതിനു പിന്നാലെ കർണാടകയിലെ ബിജെപി എംഎൽഎ മണ്ഡൽ വിരൂപക്ഷപ്പ ഒളിവിൽ. വെള്ളിയാഴ്ച രാവിലെ മുതൽ എംഎൽഎയെക്കുറിച്ചു വിവരമൊന്നുമില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
വീരൂപക്ഷപ്പയുടെ മകൻ പ്രശാന്തിനെ 40 ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്രശാന്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് 8.12 കോടി കണ്ടെടുത്തത്. പ്രശാന്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
കർണാടക ലോകായുക്തയുടെ ചരിത്രത്തിൽ ഇത്രയധികം തുക റെയ്ഡിൽ പിടിച്ചെടുക്കുന്നത് ആദ്യമാണ്. വീരൂപാക്ഷപ്പയാണ് കേസിലെ ഒന്നാം പ്രതി. ദോവാനഗരെയിൽ ചാന്നാഗിരി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് മണ്ഡൽ വിരൂപാക്ഷപ്പ.
81 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ചെമിക്‌സിൽ കോർപ്പറേഷൻ എന്ന വ്യവസായ സ്ഥാപനം നടത്തുന്ന ശ്രേയസ് കശ്യപ് നൽകിയ പരാതിയിലാണ് ലോകായ്കുത കേസെടുത്തത്. കെഎസ്ഡിഎല്ലിനു രാസവസ്തുക്കൾ കൈമാറുന്നതിനായുള്ള കരാറിനായാണ് കൈക്കൂലിയെന്നാണ് സൂചന. വിവാദത്തിനു പിന്നാലെ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡിന്റെ (കെഎസ്ഡിഎൽ) ചെയർമാൻ സ്ഥാനത്തുനിന്നു വീരൂപക്ഷപ്പ രാജിവച്ചു.