ബംഗളൂരു:കര്‍ണ്ണാടക മന്ത്രിസഭാ വികസനത്തിനു പിന്നാലെ സംസ്ഥാന ബിജെപിക്കുള്ളില്‍ വീണ്ടും വിമത ശബ്ദമുയരുന്നു. തനിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തുവന്ന ബിജെപി സാമാജികരോടു പൊതുമധ്യത്തില്‍ വിഴുപ്പലക്കാതെ, കേന്ദ്ര നേതൃത്വത്തെ നേരില്‍ കണ്ടു പരാതിപ്പെടാന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ നിര്‍ദേശിച്ചു.
പുതുതായ മന്ത്രിമാരായ 3 പേര്‍ രഹസ്യ വിവരങ്ങള്‍ ഉള്‍പ്പെട്ട സിഡി കാണിച്ച് മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി പദവി നേടിയതാണെന്ന് ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നല്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായ എം.പി രേണുകാചാര്യ, മറ്റ് എംഎല്‍എമാരായ എം.പി കുമാരസ്വാമി, സതീഷ് റെഡ്ഡി, ശിവനഗൗഡ നായക്, തിപ്പറെഡ്ഡി, സുനില്‍ കുമാര്‍, രാജൂഗൗഡ, എസ്.എ രാമദാസ് , കൂറുമാറ്റക്കാര്‍ക്കിടയില്‍ നിന്നും എ.എച്ച് വിശ്വനാഥ് എംഎല്‍സി, എംഎല്‍എമാരായ മഹേഷ് കുമത്തല്ലി, എന്‍.മുനിരത്‌ന തുടങ്ങി ഒട്ടേറെ പേര്‍ അതൃപ്തിയുമായി രംഗത്തുണ്ട്.
മുന്‍കാലങ്ങളില്‍ പ്രാദേശിക, ജാതി സമവാക്യങ്ങളും പാര്‍ട്ടിയോടുള്ള കൂറുമാണ് മാനദണ്ഡമായത്. ഇപ്പോള്‍ പണവും രഹസ്യ സിഡിയുമാണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. മുഖ്യമന്ത്രിയുടെ മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ വിജയേന്ദ്രയാണ് പണമിടപാടുകള്‍ കൈകാര്യം ചെയ്തതെന്ന് യത്‌നല്‍ ആരോപിച്ചു.
മുരുഗേഷ് നിറാനി ഉള്‍പ്പെടെ ബുധനാഴ്ച മന്ത്രിമാരായ 3 പേര്‍, യെഡിയൂരപ്പയെ സ്ഥാനഭ്രഷ്ടനാക്കാന്‍ തന്ത്രം മെനയുന്നതിനായി 4 മാസം മുന്‍പ് നെലമംഗലയിലെ റിസോര്‍ട്ടില്‍ തന്നെ കണ്ടിരുന്നു. ഇതിനായി 100 കോടി രൂപ വരെ ചെലവിടാന്‍ ഇവര്‍ തയാറായിരുന്നു. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ ലിംഗായത്ത് മഠങ്ങളെ യെഡിയൂരപ്പ ദുരുപയോഗം ചെയ്യുന്നു. അടുത്തിടെ ഈ മഠങ്ങള്‍ക്കായി 83 കോടി രൂപ നല്‍കിയ യെഡിയൂരപ്പ, മഠാധിപന്മാരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തിരിക്കാന്‍ ശ്രമിച്ചു. ഇക്കാരണത്താലാണ് യെഡിയൂരപ്പയെ നീക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ശ്രമം നടത്തിയത്. കുടുംബ വാഴ്ച അനുവദിക്കാത്ത ബിജെപിയില്‍ എങ്ങനെയാണ് ഒരു വീട്ടില്‍ നിന്ന് മുഖ്യമന്ത്രിയും എംപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമുണ്ടാകുന്നതെന്നും യത്‌നല്‍ ചോദിച്ചു.