ബെംഗളൂരു: 34000 കോടി രൂപയുടെ കാര്‍ഷിക കടാശ്വാസ പദ്ധതിയുമായി കര്‍ണാടക മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. കുമാരസ്വാമിയുടെ ആദ്യ ബഡ്ജറ്റ് അവതരണത്തിലാണ് പുതിയ പ്രഖ്യാപനങ്ങള്‍.
കാര്‍ഷിക കടാശ്വാസ പദ്ധതി കൂടാതെ 2 ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതി തള്ളും, ഗര്‍ഭിണികള്‍ക്ക് മാസം 1000 രൂപ എന്നിവയാണ് ഇന്നത്തെ ബഡ്ജറ്റില്‍ കുമാരസ്വാമി അവതരിപ്പിച്ച പുതിയ തീരുമാനങ്ങള്‍. ഈ സാമ്പത്തിക വര്‍ഷത്തിലേക്ക് 6500 രൂപയും ബഡ്ജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
കര്‍ഷകരുടെ വിള വായ്പ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ദേശസാല്‍കൃത ബാങ്കുകള്‍, സഹകരണ മേഖലയിലെ ഉദ്യോഗസ്ഥര്‍, കൃഷിക്കാര്‍ എന്നിവരുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയുടെ ഫലമായാണ് പുതിയ തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തൊട്ടാകെ ഇന്ദിരാ ക്യാന്റീന്‍ നടപ്പാക്കാനും ബഡ്ജറ്റില്‍ തീരുമാനമായിട്ടുണ്ട്. ഇതിനായി 211 കോടി രൂപയാണ് ബഡ്ജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. അന്ന ഭാഗ്യ സ്‌കീം വഴി വിതരണം ചെയ്യുന്ന അരിയുടെ അളവ് 7 കിലോയില്‍ നിന്നും 5 കിലേയായി കുറച്ചു. സംസ്ഥാനത്തെ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കൂട്ടി. 30 ശതമാനമുണ്ടായിരുന്ന പെട്രോളിന് 32 ശതമാനവും, ഡീസല്‍ 19 ല്‍ നിന്ന് 21 ശതമാനവുമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.
ജനതാദള്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ അധികാരത്തിലേറിയ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി തന്റെ ആദ്യ ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. തനിക്ക് ഇതൊരു പുതിയ അനുഭവമാണ്, ഈ മിച്ച ബഡ്ജറ്റ് താനൊരു വെല്ലുവിളിയായി ഏറ്റെടുത്തിരുന്നതാണെന്നും ധനകാര്യമന്ത്രി കൂടിയായ കുമാരസ്വാമി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുകയാണെങ്കില്‍ കാര്‍ഷിക വായ്പ കടങ്ങള്‍ എഴുതിതള്ളുമെന്ന് കുമാരസ്വാമി കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.
അതേസമയം, കര്‍ഷിക വായ്പാ കടം എഴുതിതള്ളുകയാണെങ്കില്‍ സംസ്ഥാനത്ത് വരാന്‍ പോകുന്ന പ്രത്യാഘാതത്തെ കുറിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സാമ്പത്തിക വിദഗ്ധരും നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അധികാരത്തിലേറി 24 മണിക്കൂറിനുള്ളിലാണ് കടങ്ങള്‍ എഴുതി തള്ളുമെന്നാണ് മന്ത്രി വാക്ക് നല്‍കിയതെന്നും പ്രത്യേകം എടുത്തു പറയേണ്ടതാണ്.