ബെംഗളൂരു: സുള്ള്യയില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാറിന്‍റെ വീട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദര്‍ശിക്കും. കേരള കര്‍ണാടക അതിര്‍ത്തിയാണ് സുള്ള്യ. പ്രദേശത്ത് യുവമോർച്ചയുടെ നേതൃത്വം വൻ പ്രതിഷേധങ്ങലാണ് നടക്കുന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.
കൊലപാതക കേസില്‍ ഇതുവരെ 21 എസ്‍ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക പൊലീസ് അന്വേഷണം കാസര്‍കോട്ടേക്കും കണ്ണൂരിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അറസ്റ്റ് വൈകുന്നതിൽ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. ഇതിനിടെ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകള്‍ക്ക് എതിരെ കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി.
രാജിഭീഷണിയും പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രണ്ടാം ദിവസവും തെരുവിലാണ്. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൂട്ടരാജിക്കത്ത് അയച്ചതോടെ കേന്ദ്രം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടി. പിന്നാലെ ബൊമ്മൈ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷിക ചടങ്ങുകള്‍ എല്ലാം റദ്ദാക്കി. അര്‍ധരാത്രി ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേരള രജിസ്ട്രേഷനിലുള്ള ബൈക്ക് നേരത്തെ പിടിച്ചെടുത്തിരുന്നു. പ്രതികള്‍ കേരളത്തിലേക്ക് കടന്നെന്ന സംശയത്തില്‍ കേരളാ ഡിജിപിയോട് കര്‍ണാടക പൊലീസ് മേധാവി സഹായം തേടിയിട്ടുണ്ട്.
ദക്ഷിണ കന്നഡ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാസര്‍കോടും കണ്ണൂരും കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടത്തുന്നത്. നടന്നത് ആസൂത്രിത കൊലപാതകമെന്നാണ് ബിജെപി ആരോപിക്കുന്നത്. കനയ്യ ലാലിനെ പിന്തുണച്ച് കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകമെന്നാണ് ബിജെപി ആരോപണം.