കര്‍ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ബന്ധുവുമായ എന്‍.ആര്‍. സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച വൈകുന്നേരം സന്തോഷിനെ അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ താമസസ്ഥലത്ത് കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ സന്തോഷ് പന്ത്രണ്ടോളം ഉറക്ക ഗുളിക കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കുടുംബപ്രശ്‌നങ്ങള്‍ കാരണമാകാം സന്തോഷ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് കരുതുന്നത്. കുടുംബ പ്രശ്നങ്ങളില്‍ സന്തോഷ് അസ്വസ്ഥനായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യെദിയൂരപ്പയുടെ സഹോദരിയുടെ ചെറുമകനാണ് 32-കാരനായ സന്തോഷ്. സന്തോഷിനെ മുഖ്യമന്ത്രി യെദ്യൂരപ്പ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

Top