ഖാർഗെയുടെ നിർദ്ദേശങ്ങളോട് പ്രതികരിക്കാതെ ശിവകുമാർ; ചർച്ചകൾ തുടരും

ദില്ലി: കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നിർദ്ദേശങ്ങളോട് പ്രതികരിക്കാതെ ഡികെ ശിവകുമാർ. ചർച്ചക്കു ശേഷം നിലപാട് വ്യക്തമാക്കാതെയാണ് ശിവകുമാർ മടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ടേം വ്യവസ്ഥയോടും ശിവകുമാർ പ്രതികരിച്ചില്ല. അതേസമയം, ഇനിയും തുടർ ചർച്ചകൾക്ക് സാധ്യതയെന്നാണ് വിവരം. ഖാർ​ഗെയുമായുള്ള ചർച്ചക്ക് ശേഷം സിദ്ധരാമയ്യയും മടങ്ങിയിരിക്കുകയാണ്. അതേസമയം, ഇരുവരുമായും ചർച്ച നടത്തിയ ഖാർഗെ സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തുമെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം ബെം​ഗളൂരുവിൽ നടത്തുന്നതിനെ കുറിച്ചും ആലോചനയുണ്ട്.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള ധാരണയിലാണ് കോൺഗ്രസ് നേതൃത്വം. ദില്ലിയിൽ രാഹുൽ ​ഗാന്ധി പങ്കെടുത്ത യോ​ഗത്തിലാണ് ധാരണയായത്. ഡി കെ ശിവകുമാ‍റിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയുണ്ട്. പിസിസി അധ്യക്ഷസ്ഥാനത്തും ഡികെ തുടരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാ‍ർജുൻ ഖാർഗെ സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും കണ്ടു. തുട‍ർന്ന് ഡികെ സോണിയാ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സോണിയ​ഗാന്ധി നേരിട്ട് ശിവകുമാറിനെ അനുനയിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

രണ്ടാംഘട്ടത്തിൽ ഡികെയെ മുഖ്യമന്ത്രിയാക്കും. കൂടുതൽ എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കായ സാഹചര്യത്തിലാണ് ആദ്യ ടേമിൽ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ ധാരണയിലെത്തിയിരിക്കുന്നത്. സോണിയാ ഗാന്ധി എത്തിയ ശേഷമായിരിക്കും പ്രഖ്യാപനം. ബെംഗളുരുവിൽ വച്ച് പ്രഖ്യാപിക്കാനുള്ള സാധ്യതകളുമുണ്ട്. നിരവധി ഓഫറുകളാണ് ഡികെയെ അനുനയിപ്പിക്കാനായി കോൺ​ഗ്രസ് നേതൃത്വം മുന്നോട്ട് വച്ചത്. ആദ്യ ടേം തനിക്ക് വേണമെന്ന് ഡികെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളി, കൂടുതൽ ഓഫറുകൾ മുന്നോട്ട് വെക്കുകയായിരുന്നു.

Top