ന്യൂഡൽഹി : കർണാടകയിൽ അധികാരത്തിലെത്തിയാൽ ബജ്‌റങ്ദൾ നിരോധിക്കുമെന്നു പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതു തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകാതിരിക്കാനുള്ള ജാഗ്രതയിൽ കോൺഗ്രസ്. വിഷയം തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നറിയാൻ കഴിഞ്ഞദിവസങ്ങളിൽ പാർട്ടി സ്വന്തംനിലയിൽ സർവേ നടത്തി.
മംഗലാപുരം മേഖലയിലെ 4 സീറ്റുകളിൽ 1500 വോട്ടുകൾ വീതം കുറയാം എന്നതൊഴിച്ചാൽ വിഷയം സംസ്ഥാനത്തുടനീളം പാർട്ടിയെ പ്രതികൂലമായി ബാധിക്കില്ലെന്നാണു സർവേ ഫലം. നഷ്ടപ്പെട്ടേക്കാവുന്ന വോട്ടുകൾ തിരിച്ചുപിടിക്കാൻ ഈ മണ്ഡലങ്ങളിലെ സ്ഥാനാർഥികളോടു കഠിനാധ്വാനം ചെയ്യാൻ ഹൈക്കമാൻഡ് നിർദേശം നൽകി. വിഷയം ഏറ്റവുമധികം ബാധിച്ചേക്കുമെന്നു കരുതുന്ന മൂഡബിദ്രി മണ്ഡലത്തിൽ നാളെ പ്രിയങ്ക ഗാന്ധിയെ പ്രചാരണത്തിനിറക്കും.
ബജ്റങ്ദളുമായി ബന്ധപ്പെട്ട വിഷയം എന്താണെന്നു വോട്ടർമാരിൽ 7 ശതമാനത്തിനു മാത്രമേ വ്യക്തതയുള്ളൂവെന്നും സർവേ ചൂണ്ടിക്കാട്ടി. ഇതിൽ ഭൂരിഭാഗവും ബിജെപിയുടെ ഉറച്ച വോട്ടർമാരാണ്. ബജ്റങ്‌ദളിനെ നിരോധിക്കുമെന്ന വാഗ്ദാനത്തിലൂടെ ബിജെപി വിരുദ്ധ വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി ഏകീകരിക്കുമെന്ന പ്രതീക്ഷയും സർവേ പങ്കുവയ്ക്കുന്നു.
കോൺഗ്രസ് വാഗ്ദാനത്തിന്റെ മറപിടിച്ചു ഹിന്ദുത്വ രാഷ്ട്രീയം ആളിക്കത്തിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും നീക്കത്തെ പ്രതിരോധിക്കാനുള്ള നടപടികൾക്കും കോൺഗ്രസ് തുടക്കമിട്ടു. സംസ്ഥാനത്തുടനീളം ഹനുമാൻ ക്ഷേത്രങ്ങൾ സ്ഥാപിക്കുമെന്നു പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമാണ്.