അനുനയനീക്കം ശക്തമാക്കി കര്‍ണാടക സര്‍ക്കാര്‍; ഡി.കെ ശിവകുമാര്‍ നാഗരാജുവിന്റെ വസതിയിലെത്തി

ബെംഗളൂരു: എംഎല്‍എമാരുടെ കൂട്ട രാജിയെ തുടര്‍ന്ന് വിശ്വാസവോട്ടെടുപ്പിന് തയ്യാറെന്ന് കുമാരസ്വാമി പ്രഖ്യാപിച്ചതിന് പിന്നാലെ കര്‍ണാടകയില്‍ രാജിവെച്ചവരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുന്നു.

അനുനയ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ രാജിവെച്ച മന്ത്രിയും എം.എല്‍.എയുമായ എം.ടി.ബി. നാഗരാജുമായി കൂടിക്കാഴ്ച നടത്തി.നാഗരാജിന്റെ വസതിയിലെത്തിയാണ് ശിവകുമാര്‍ അദ്ദേഹത്തെ കണ്ടത്. രാജിവച്ച തീരുമാനം പുന:പരിശോധിക്കണമെന്ന് ശിവകുമാര്‍ എം.ടി.ബി. നാഗരാജിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ നാഗരാജ് എന്തു തീരുമാനമെടുത്തുവെന്ന് വ്യക്തമല്ല.

വിമത എം.എല്‍.എമാരുടെ കൂട്ടരാജിക്ക് പിന്നാലെ ഏറ്റവുമൊടുവില്‍ രാജിവച്ചയാളാണ് എം.ടി.ബി. നാഗരാജ്. മറ്റൊരു കോണ്‍ഗ്രസ് എം.എല്‍.എയായ കെ. സുധാകറിനൊപ്പമാണ് അദ്ദേഹം സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. എന്നാല്‍ ഇവരുടെ രാജിയിലും സ്പീക്കര്‍ കെ. രമേശ് കുമാര്‍ തീരുമാനമെടുത്തിരുന്നില്ല.

Top