കര്‍ണാടക പ്രതിസന്ധി;അഞ്ച് എംഎല്‍എമാരുടെ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി:രാജി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി കര്‍ണാടക സ്പീക്കറിനെതിരേ അഞ്ച് വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെയാണ് ഹര്‍ജി. കെ.സുധാകര്‍, റോഷന്‍ ബെയ്ഗ്, എം.ടി.ബി നാഗരാജ്, മുനിരത്ന നായിഡു, ആനന്ദ് സിംഗ് എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

മുംബൈയിലേക്കുപോയ 10 എംഎല്‍എമാരാണ് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചത്. രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ ആയിരുന്നു ഹര്‍ജി. വൈകുന്നേരം ആറിനകം സ്പീക്കറെ കണ്ട് രാജി സമര്‍പ്പിക്കാന്‍ ഇതോടെ സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍ എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്ന കോടതി ഉത്തരവിനെതിരേ സ്പീക്കറും സുപ്രീംകോടതിയിലെത്തി. ഇതിനെ തുടര്‍ന്ന് വിമത എംഎല്‍എമാരുടെ രാജിയിലും അവര്‍ക്കെതിരായ അയോഗ്യതാ നടപടികളിലും തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

അതേസമയം സര്‍ക്കാര്‍ വിശ്വാസവോട്ട് നേരിടണമെന്ന് ബിജെപി ആവശ്യമുന്നയിച്ചിട്ടുണ്ട്. വിശ്വാസവോട്ട് തേടാന്‍ സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചതിനാല്‍ ബിജെപിക്ക് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ സാധിക്കില്ല. എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ നിന്ന് തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ അതിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.

മാത്രമല്ല രാഷ്ട്രീയ പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന കര്‍ണാടകത്തിലെ സഖ്യസര്‍ക്കാരിന് ഇന്ന് നിര്‍ണായക ദിനമാണ്. കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷിയോഗവും ഇന്ന് ചേരും.

Top