കര്‍ണാടകത്തില്‍ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും; സര്‍ക്കാരിന് നിര്‍ണായക ദിനം

ബെംഗളൂരു: എം.എല്‍.എ.മാരുടെ രാജിയെത്തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധിയിലായ കര്‍ണാടകത്തില്‍ ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കും.

അതേസമയം രാജിയോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ബി.ജെ.പി.യുടെ നിലപാട്. രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നിലപാടിനെതിരേ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ വിധിയും വെള്ളിയാഴ്ച വരും. ഈ സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം ബഹളമയമാകും.

രാജി സ്വീകരിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ ബി.ജെ.പി. അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന സൂചനയുമുണ്ട്. എന്നാല്‍ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. ഗവര്‍ണറുടെ നിലപാടും നിര്‍ണായകമാകും. ഭരണപക്ഷത്തുനിന്ന് 16 പേര്‍ രാജിവെച്ചതോടെ സഭയുടെ അംഗബലം 208 ആയി കുറഞ്ഞു. ഇതില്‍ ബി.ജെ.പി.ക്ക് 107 പേരുടെയും കോണ്‍ഗ്രസ്- ദള്‍ സഖ്യത്തിന് 101 പേരുടെയും പിന്തുണയുമാണുള്ളത്. ഈ സാഹചര്യത്തില്‍ ധനബില്‍ പാസാക്കുന്നത് ബുദ്ധിമുട്ടായിരിക്കും.

വിമതപക്ഷത്ത് നിന്നുള്ളവരെ അനുനയിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം. രാജിവെച്ച എം.എല്‍.എ.മാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസും ജനതാദള്‍ എസും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിക്ക് സാധ്യത കുറവാണ്. 16 പേരെ അയോഗ്യരാക്കിയാല്‍ സഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള അവസരം പൂര്‍ണമായും ഇല്ലാതാകും. ബി.ജെ.പി.ക്ക് സര്‍ക്കാരിനെ വീഴ്ത്താനും കഴിയും. നിലവില്‍ ഭരണപക്ഷത്തെക്കാള്‍ ബി.ജെ.പി.ക്ക് ആറ് അംഗങ്ങളുടെ കൂടുതല്‍ പിന്തുണയുണ്ട്. വിമതപക്ഷത്തുനിന്ന് ഇത് നേടിയെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

രാജിവെച്ച മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡിയിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. രാമലിംഗ റെഡ്ഡി നിലപാട് മാറ്റിയാല്‍ അനുയായികളായ അഞ്ച് പേരുടെ രാജി ഒഴിവാക്കാന്‍ കഴിയും. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് വിമതര്‍ വീണ്ടും ബെംഗളൂരുവിലെത്തിയെങ്കിലും കനത്തസുരക്ഷ കാരണം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. സ്പീക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇവര്‍ വീണ്ടു മുംബൈയിലേക്ക് പോയതും തിരിച്ചടിയായി.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ഗവര്‍ണറുടെ നിലപാട്. വിമതരുടെ രാജിയില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് ഗവര്‍ണര്‍ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. വിമതരുടെ രാജിയുടെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാം. എന്നാല്‍ ഇതിന് തയ്യാറാണെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്.

നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഭരണപക്ഷനേതാക്കള്‍ തിരക്കിട്ട ചര്‍ച്ചയിലായിരുന്നു. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. കെ.സി. വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി ചര്‍ച്ച നടത്തി.

Top