കര്‍ണാടക തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസും ബിജെപിയും സഖ്യത്തിനായി സമീപിച്ചെന്ന് ജെഡിഎസ്

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ തൂക്കു സഭ ഉണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസും ബിജെപിയും സമീപിച്ചെന്ന വെളിപ്പെടുത്തലുമായി ജനതാദള്‍ സെക്യുലര്‍. പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമി നിലവില്‍ സിംഗപ്പുരാണുള്ളത്. ആരുമായി സഖ്യം ചേരണമെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുത്തുവെന്നും ശരിയായ സമയത്ത് അതു പൊതുജനങ്ങളെ അറിയിക്കുമെന്നും മുതിര്‍ന്ന നേതാവ് തന്‍വീര്‍ അഹമ്മദ് ദേശീയമാധ്യമത്തോടു പ്രതികരിച്ചു.

എന്നാല്‍, ജെഡിഎസിനെ സമീപിച്ചെന്ന വാര്‍ത്ത ബിജെപി തള്ളി. വ്യക്തമായ മുന്‍തൂക്കം ഉണ്ടാകുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സഖ്യത്തെക്കുറിച്ചുള്ള ചോദ്യംതന്നെ ഉദിക്കുന്നില്ല, ബിജെപി ഇതുവരെ ജെഡിഎസിനെ സമീപിച്ചിട്ടില്ലെന്നും പാര്‍ട്ടി നേതാവ് ശോഭ കരന്തലജെ പറഞ്ഞു. ”120 സീറ്റ് കിട്ടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. ഇന്നലെ വിവിധ കീഴ്ഘടകങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ട് വച്ചാണ് 120 എന്ന സംഖ്യയിലേക്ക് ഞങ്ങളെത്തിയത്” അവര്‍ പറഞ്ഞു.

അതേ സമയം ബിജെപി, വാര്‍ത്ത തള്ളിയ കാര്യം ചോദിച്ചപ്പോള്‍ സര്‍ക്കാരുണ്ടാക്കാന്‍ അവര്‍ പാര്‍ട്ടിയെ സമീപിച്ചുവെന്ന മറുപടിയാണ് തന്‍വീര്‍ നല്‍കിയത്. ”സംസ്ഥാനത്തിന്റെ മികവിനായി ദേശീയ പാര്‍ട്ടികളെ നിലയ്ക്കുനിര്‍ത്താന്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ഞങ്ങളെ ആവശ്യമുണ്ട്. കര്‍ണാടകയുടെയും കന്നഡിഗരുടെയും മികവിനായി പ്രവര്‍ത്തിക്കുന്നവരെ പിന്തുണയ്ക്കും. ഞങ്ങളില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ദേശീയ പാര്‍ട്ടികളെപ്പോലെ പണവും പ്രതാപവും കാണിക്കാന്‍ ഞങ്ങള്‍ക്കാകില്ല. സര്‍ക്കാരിന്റെ ഭാഗമാകുന്ന തരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്” അദ്ദേഹം പറഞ്ഞു. പതിവു വൈദ്യപരിശോധനകളുടെ ഭാഗമായുള്ള സിംഗപ്പുര്‍ യാത്രയിലാണ് കുമാരസ്വാമി. വോട്ടെണ്ണുന്ന ശനിയാഴ്ച പകല്‍ അദ്ദേഹം തിരികെയെത്തും.

Top