എം.എല്‍.എമാരെ ബന്ധപ്പെടാന്‍ ആവുന്നില്ല, ബദല്‍ സംവിധാനമൊരുക്കി ബി.ജെ.പി തന്ത്രം

ബംഗളുരു: നാളെ യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അണിയറയില്‍ കരുനീക്കം സജീവമായി. ഹൈദരാബാദിലേക്ക് കൊണ്ടുപോയ കോണ്‍ഗ്രസ്സ് ജെ.ഡി.എസ് എം.എല്‍.എമാരെ വോട്ടെടുപ്പിന് തൊട്ട് മുന്‍പ് മാത്രം നിയമസഭയിലെത്തിക്കാനാണ് പാര്‍ട്ടി നേതൃത്വങ്ങളുടെ തീരുമാനം.

ഫോണില്‍ ഭാര്യമാരോട് പോലും സംസാരിക്കാന്‍ ‘സംശയത്തിലുള്ള’ എം.എല്‍.എമാര്‍ക്ക് അനുമതിയില്ല. പരസ്യ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ കാലുമാറ്റ സാധ്യത കുറയുമെന്ന പ്രതീക്ഷയും ജെ.ഡി.എസ് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുണ്ട്. പ്രത്യേക മൊബൈല്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് അത് വഴിയും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം സ്വതന്ത്രനും രണ്ട് കോണ്‍ഗ്രസ്സ് എം.എല്‍.എമാരും ഉള്‍പ്പെടെ മൂന്ന് പേര്‍ യെദിയൂരപ്പക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ സ്വാധീനിക്കാന്‍ കുടുംബാംഗങ്ങള്‍ വഴിയും സുഹൃത്തുക്കള്‍ വഴിയുമാണ് ഇപ്പോള്‍ ശ്രമം നടത്തുന്നത്. നാല് എംഎൽഎമാർ കൂടി ബിജെപി പാളയത്തിലേയ്ക്ക് എത്തിയതായാണ് സൂചന.

നിയമസഭയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ഇപ്പോള്‍ സ്വാധീനിക്കാന്‍ കഴിഞ്ഞ മറ്റ് എം.എല്‍.എമാരുടെ ബന്ധുക്കള്‍ക്ക് ‘തടങ്ക’ലിലുള്ളവരെ കാണാനുള്ള അവസരവും സൃഷ്ടിക്കും. അതിനുള്ള ‘മാസ്റ്റര്‍ പ്ലാന്‍’ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്.
ഇനി യെദിയൂരപ്പക്ക് രാജിവയ്‌ക്കേണ്ടി വന്നാല്‍ അത് പ്രധാനമന്ത്രി മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് കനത്ത തിരിച്ചടിയായി മാറുമെന്ന് തിരിച്ചറിഞ്ഞാണ് ആവനാഴിയിലെ സകല അടവുകളും ബി.ജെ.പി പുറത്തെടുക്കുന്നത്.

വന്‍ ഓഫറുകളാണ് ഓരോ എം.എല്‍.എമാര്‍ക്കും മുന്നില്‍ വച്ചിരിക്കുന്നത്.ജെ.ഡി.എസില്‍ നിന്നും കൂടുതല്‍ എം.എല്‍.എമാര്‍ കൂട് മാറി വന്നാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലന്നതിനാല്‍ അങ്ങനെ വരുന്നവരെ മന്ത്രിയാക്കാമെന്നും ഓഫറുണ്ട്. കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ക്ക് വന്‍ തുകയാണ് ഓഫര്‍. കൂറുമാറ്റ നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ തക്ക നമ്പര്‍ കോണ്‍ഗ്രസ്സില്‍ നിന്നും പിളര്‍ത്താന്‍ പറ്റില്ലന്നതിനാലാണ് ഈ ഓഫറത്രെ.

എം.എല്‍.എ പദവി നഷ്ടപ്പെടുന്നവരുടെ മണ്ഡലങ്ങളില്‍ ആറു മാസത്തിനുള്ളില്‍ തെരെഞ്ഞെടുപ്പ് നടക്കും. അപ്പോഴേക്കും കൂടുതല്‍ പിന്തുണ നേടാനാകുമെന്നും ജനതാദള്‍ (എസിനെ) പിളര്‍ത്താന്‍ കഴിയുമെന്നും ബി.ജെ.പി കണക്കു കൂട്ടുന്നു.

എതിര്‍പാളയത്തില്‍നിന്ന് അംഗങ്ങളെ രാജിവെപ്പിച്ച് സഭയില്‍ അംഗങ്ങളുടെ എണ്ണം 207 ആക്കാനും നീക്കമുണ്ട്. ഇതിനു വേണ്ടത് 15 അംഗങ്ങള്‍ നിയമസഭയില്‍ എത്താതിരിക്കുകയോ ബി.ജെ.പിക്കു വേണ്ടി കൈ പൊക്കുകയോ ആണ്. വിപ്പുള്ളതിനാല്‍ ഇങ്ങനെ ചെയ്യുന്നവരുടെ അംഗത്വം റദ്ദാകും.

ഇതിനിടെ ചില കോണ്‍ഗ്രസ്സ് ജെ.ഡി.എസ് എം.എല്‍.എമാരുടെ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ വിമാന മാര്‍ഗ്ഗം ഹൈദരാബാദില്‍ എത്തിയതായും സൂചനയുണ്ട്. ‘തടങ്കലില്‍’ ഉള്ള എം.എല്‍.എമാര്‍ക്ക് ‘സന്ദേശം’ കൈമാറുന്നതിനു വേണ്ടിയാണിത്. ഇവര്‍ക്ക് എം.എല്‍.എമാരെ കാണാന്‍ നേതൃത്വം അനുവാദം നല്‍കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

നിയമസഭയിലെ കക്ഷിനില

ബി.ജെ.പി- 104

കോണ്‍ഗ്രസ്സ്- 78

ജെ.ഡി.എസ്- 37

മറ്റുള്ളവര്‍- 3

Top