കർണാടക തെരഞ്ഞെടുപ്പ്: കൂടുതൽ നേതാക്കൾ സംസ്ഥാനത്ത് എത്തുന്നു

ബംഗ്ലൂരു : കർണാടക തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരെ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി, ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ, ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ എന്നിവർ ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയിലുണ്ട്.

അതേസമയം, കോൺഗ്രസ് താരപ്രചാരകരിൽ സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമുണ്ട്. കെ സി വേണുഗോപാലിനൊപ്പം കേരളത്തിൽ നിന്ന് ശശി തരൂർ, രമേശ് ചെന്നിത്തല എന്നിവരും താരപ്രചാരകരുടെ പട്ടികയിൽ ഇടം പിടിച്ചു.

കർണാടകത്തിൽ പത്രികാ സമർപ്പണം നാളെ പൂർത്തിയാകാനിരിക്കെ, മുഖ്യമന്ത്രി ബൊമ്മൈയും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും അടക്കമുള്ള പ്രമുഖർ പത്രിക നൽകി. ഇന്ന് 59 സ്ഥാനാർഥികളെ പ്രഖ്യാപിച്ച ജെഡിഎസ് നഞ്ചൻഗുഡ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.

ബ്രിട്ടീഷുകാരോട് പോരാടി വിജയിച്ച കിട്ടൂർ റാണി ചെന്നമ്മയുടെ പ്രതിമയ്ക്ക് മുന്നിൽ നിന്നും വൻ റാലിയായിട്ടായിരുന്നു ബൊമ്മൈ നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയത്. കന്നഡ സൂപ്പർ സ്റ്റാർ കിച്ച സുദീപും ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയും റാലിക്ക് നേതൃത്വം നൽകി.

സിദ്ധരാമയ്യയുടെ രാഷ്ട്രീയ പിൻഗാമിയായി അറിയപ്പെട്ടിരുന്നത് മൂത്ത മകൻ രാകേഷായിരുന്നു. എന്നാൽ 2016-ൽ അസുഖ ബാധിതനായി രാകേഷ് മരിച്ചു. രാകേഷിന്റെ മകൻ ദാവനും ഇന്ന് വരുണയിൽ മുത്തച്ഛനൊപ്പം പത്രികാ സമർപ്പണത്തിനെത്തി.

യെദിയൂരപ്പ വച്ചൊഴിഞ്ഞ ശിക്കാരിപുരയിൽ നിന്ന് മത്സരിക്കുന്ന മകൻ വിജയേന്ദ്രയും ഇന്ന് പത്രിക സമർപ്പിച്ചു. മകനൊപ്പം പത്രികാ സമർപ്പണത്തിന് യെദിയൂരപ്പ എത്തിയത് അദ്ദേഹത്തിന്റെ ആദ്യത്തെ അംബാസിഡർ കാറിലാണെന്നതും കൗതുകമായി. സികെആർ 45 എന്ന ഈ കാർ തന്റെ ഭാഗ്യവാഹനമാണെന്ന് എന്നും യെദിയൂരപ്പ പറയാറുള്ളതാണ്.

ഇതിനിടെ, 59 സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ച ജെഡിഎസ് മൈസുരു നഞ്ചൻഗുഡ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചു. മുൻ എംപി ധ്രുവനാരായണയുടെ മകൻ ദർശൻ ധ്രുവനാരായണയ്ക്കാണ് ജെഡിഎസ് പിന്തുണ. ഇക്കഴിഞ്ഞ മാർച്ചിലാണ് ധ്രുവനാരായണ അന്തരിച്ചത്. കഴിഞ്ഞ ആഴ്ച ധ്രുവനാരായണയുടെ പത്നി വീണയും അന്തരിച്ചു. ഈ പശ്ചാത്തലത്തിലാണ് ദർശനെതിരെ സ്ഥാനാർഥിയെ നിർത്തേണ്ടെന്ന് തീരുമാനിച്ചതെന്ന് ജെഡിഎസ് വ്യക്തമാക്കി.

Top