സുരക്ഷയ്ക്ക് 15 ലക്ഷം വേണമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍, മഅദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍

madani

ബംഗളൂരു: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്കുള്ള പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍.

മഅദനി യുടെ സുരക്ഷയ്ക്ക് കര്‍ണാടക പോലീസ് വന്‍തുക ആവശ്യപ്പെട്ടതോടെയാണ് യാത്ര അനിശ്ചിതത്വത്തിലായത്. വിമാന ടിക്കറ്റ് കൂടാതെ 14,80000 രൂപയാണ് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സുരക്ഷയ്ക്കായി ഒരു എഎസ്പി അടക്കം 19 ഉദ്യോഗസ്ഥരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ തുക താങ്ങാനാവില്ലെന്ന് മഅദനിയുടെ അഭിഭാഷകന്‍ അറിയിച്ചു.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് നേരത്തെ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിയ ബാംഗളൂരുവിലെ പ്രത്യേക എന്‍ഐഎ കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് കോടതിയുടെ നടപടി.

കേരളത്തില്‍ 14 വരെ തങ്ങാനാണ് അനുമതി. മഅദനി കേരളത്തിലെത്തുമ്പോള്‍ കര്‍ണാടക പോലീസ് നല്‍കുന്ന സുരക്ഷാ സന്നാഹത്തിനുണ്ടാകുന്ന ചെലവ് മഅ ദനി തന്നെ വഹിക്കണമെന്നും ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. അമ്മയെ സന്ദര്‍ശിക്കണമെന്ന ആവശ്യം അംഗീകരിച്ച് ഓഗസ്റ്റ് ഒന്നു മുതല്‍ ആറ് വരെ കേരളം സന്ദര്‍ശിക്കാനാണ് എന്‍ഐഎ കോടതി മഅദനിക്ക് അനുവാദം നല്‍കിയിരുന്നത്.

എന്നാല്‍, ഒമ്പതിനു നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തതു നീതി നിഷേധമാണെന്നു ചൂണ്ടിക്കാട്ടി മഅദനി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യത്തില്‍ കഴിയുന്ന താന്‍ ജാമ്യത്തില്‍ ഇളവ് മാത്രമാണ് ചോദിച്ചതെന്നും മകന്റെ വിവാഹത്തില്‍ പങ്കെടുത്തതു വിചാരണ നടപടികളെ ബാധിക്കില്ലെന്നും അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ കോടതിയെ അറിയിച്ചു.

Top