അര്‍ബന്‍, റൂറല്‍ ജില്ലകളില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടകത്തിലെ രണ്ട് ജില്ലകളില്‍ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ബെംഗളൂരു അര്‍ബന്‍, റൂറല്‍ ജില്ലകളാണ് ഒരാഴ്ച്ചത്തേക്ക് പൂര്‍ണ്ണമായും അടച്ചിടുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഇന്നലെ മാത്രം 87 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ചു മരിച്ചത്.

നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് കര്‍ണാടക. രോഗവ്യാപനം രൂക്ഷമായ മറ്റു ജില്ലകളിലും ലോക് ഡൗണ്‍ നടപ്പാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. രാജ്യത്തെ മറ്റു മഹാ നഗരങ്ങളില്‍നിന്നു വ്യത്യസ്തമായി ആദ്യഘട്ടത്തില്‍ കൊവിഡിനെ പ്രതിരോധിച്ച് പിടിച്ചുനിന്ന ബെംഗളൂരുവിലും കഴിഞ്ഞ കുറച്ചു ദിവസമായി സ്ഥിതി രൂക്ഷമാവുകയാണ്.

ബെംഗളൂരു അര്‍ബന്‍ റൂറല്‍ ജില്ലകളില്‍ ഇന്നലെ രാത്രി എട്ടുമണിമുതല്‍ വീണ്ടും ലോക് ഡൗണ്‍ നിലവില്‍ വന്നു. ജൂലൈ 22 ന് പുലര്‍ച്ചെ വരെയാണ് ലോക് ഡൗണ്‍. അവശ്യ സേവനങ്ങളും ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. പൊതുഗതാഗത സംവിധാനങ്ങളുണ്ടാകില്ല. രോഗ വ്യാപനം രൂക്ഷമായ ബെംഗളൂരു നഗരത്തില്‍ മാത്രം 15,599 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്നലെമാത്രം 56 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് കാരണം മരിച്ചവരുടെ എണ്ണം 842 ആയി.

Top