ബംഗളൂരു: അവസാന നിമിഷത്തില്‍ പ്രത്യേക ട്രെയിനുകള്‍ റദ്ദാക്കിയതോടെ ദുരിതത്തിലായി കര്‍ണാടകത്തിലെ അതിഥി തൊഴിലാളികള്‍. ട്രെയിനില്ലെന്ന കാര്യമറിയാതെ നാട്ടിലേക്ക് പോകാനുളള അപേക്ഷയുമായി തൊഴിലാളികള്‍ ഇപ്പോഴും പൊലീസ് സ്റ്റേഷനുകളിലെത്തുകയാണ്.
അതേസമയം, അവകാശങ്ങള്‍ നിഷേധിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ വഴിയൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പ്രത്യേക ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോള്‍ നാട്ടിലെത്താമെന്ന് പ്രതീക്ഷയിലായിരുന്നു കര്‍ണാടകയിലെ ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍. ഇതിനോടകം ബംഗളൂരുവില്‍ നിന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് പോയ ട്രെയിനുകളിലായി നിരവധി പേര്‍ നഗരം വിട്ട് സ്വദേശത്തേക്ക് മടങ്ങി. തിരികെ പോകാനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അറിയിപ്പ് കാത്തിരിക്കുമ്പോഴാണ് പ്രത്യേക ട്രെയിനുകള്‍ ഇനി വേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ റെയില്‍വേക്ക് കത്തയച്ചത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വരുമാനവും ആഹാരവുമില്ലാതെ തൊഴിലാളി ക്യാംപുകളില്‍ ജീവിതം തള്ളി നീക്കിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇത് ഇരുട്ടടിയായി. പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് കര്‍ണാടക സര്‍ക്കാര്‍ ഇടപെട്ട് റദ്ദാക്കിയ വിവരം ബംഗളൂരുവിലെ പല അതിഥി തൊഴിലാളികളും ഇപ്പോഴും അറിഞ്ഞിട്ടില്ല. ഇന്നലെയും നാട്ടിലേക്ക് മടങ്ങാന്‍ പേര് രജിസ്റ്റര്‍ ചെയ്യാനായി നിരവധി പേര്‍ പൊലീസ് സ്റ്റേഷനുകളിലെത്തിയിരുന്നു. ഈയാഴ്ച പത്ത് ട്രെയിനുകളാണ് കര്‍ണാടകത്തില്‍ നിന്ന് പുറപ്പെടാനിരുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും ജോലി തുടരാമെന്നുമാണ് സര്‍ക്കാര്‍ അറിയിപ്പ്.