ദില്ലി: മംഗളുരു സ്ഫോടനക്കേസ് അന്വേഷണം എൻഐഎക്ക് കൈമാറാൻ ശുപാർശ ചെയ്ത് കർണാടക സർക്കാർ. കേസ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. നേരത്തെ ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ എന്ന സംഘടന മംഗളൂരു സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. മംഗളൂരു പൊലീസ് ഇന്റലിജന്‍സ് വിഭാഗത്തിന് സംഘടനയുടെ പേരില്‍ ലഭിച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മംഗളുരു കദ്രിയിലെ മജ്ഞുനാഥ ക്ഷേത്രത്തില്‍ വലിയ സ്ഫോടനമായിരുന്നു ലക്ഷ്യം. സ്ഫോടനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സിലിന്റെ പേരിലുള്ള കത്തില്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന ഭീഷണിയും കത്തിലുണ്ട്. ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സിലിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും ഈ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ കത്തിന്റെയും പോസ്റ്റിന്റെയും ആധികാരിക സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ ഒരു വാട്ട്സാപ്പ് കൂട്ടായ്മയാണെന്ന് പൊലീസ് വ്യക്തമാക്കി. ഈ വാട്ട്സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം. സ്ഫോടനം നടത്തിയ മുഹമ്മദ് ഷാരിഖും ഒളിവിലുള്ള പ്രധാന സൂത്രധാരന്‍ താഹയും അൽ ഹിന്ദ് സംഘടനയിലെ അംഗങ്ങളാണെന്നതിന്റെ രേഖകളും പൊലീസിന് ലഭിച്ചു. കൊച്ചി, മധുര എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചും എസ്ഐടിയുടെയും എന്‍ഐഎയുടെയും അന്വേഷണം വിപുലമാക്കി.