ജൂണ്‍ പത്തിനപ്പുറം പോകില്ല; കര്‍ണാടക സര്‍ക്കാരിന്റെ വീഴ്ച ഉറപ്പിച്ച് കോണ്‍ഗ്രസ് നേതാവ്

Kumaraswamy.

ബംഗളുരു: ജൂണ്‍ പത്തിനപ്പുറം കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അതിജീവിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതവ് കെ.എന്‍. രാജണ്ണ. ഉപമുഖ്യമന്ത്രി ജി. പരമേശ്വര റാവുവിനെതിരേയും രാജണ്ണ രൂക്ഷ വിമര്‍ശനമുയര്‍ത്തി.

കര്‍ണാടക സര്‍ക്കാര്‍ ഇപ്പോഴേ തകര്‍ന്നു കഴിഞ്ഞു. മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു കഴിഞ്ഞാല്‍ പിന്നെ ബിജെപി ഒന്നും ചെയ്യേണ്ട കാര്യമില്ല. ഈ സര്‍ക്കാര്‍ അങ്ങേയറ്റം ജൂണ്‍ 10 കടക്കില്ല- രാജണ്ണ പറഞ്ഞു.

അടുത്തിടെ വിമത കോണ്‍ഗ്രസ് എംഎല്‍എ രമേശ് ജാര്‍ഖിഹോളി ബിജെപി ക്യാമ്പില്‍ എത്തിയിരുന്നു. ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ സി.പി. യോഗേശ്വര്‍, മല്ലികയ്യ ഗുട്ടേദാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു. സഖ്യസര്‍ക്കാറില്‍ അസംതൃപ്തിയുള്ള എംഎല്‍എമാരെ രമേശ് ജാര്‍ഖിഹോളിയുടെ നേതൃത്വത്തില്‍ ഗോവയിലേക്ക് മാറ്റാനാണു പദ്ധതി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ കര്‍ണാടകില്‍ ബിജെപി വീണ്ടും ഓപ്പറേഷന്‍ കമലയ്ക്ക് തുടക്കമിട്ടിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന്റെ ഭാഗമായ് എംഎല്‍എ മാരെ മാറ്റി താമസിപ്പിക്കാന്‍ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഫോര്‍ട്ട് അഗ്വാഡയില്‍ 30 മുറികള്‍ ബുക്ക് ചെയ്തതായും സൂചനയുണ്ട്.

Top