ബംഗളൂരു: അധോലോക ഗുണ്ട രവി പൂജാരിക്ക് എല്ലാവിധ സുരക്ഷയും ഏര്‍പ്പെടുത്തണമെന്നു മുംബൈ പൊലീസിനോടു കര്‍ണാടക ഹൈക്കോടതി. തന്നെ 10 ദിവസത്തേക്കു മുംബൈ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ട നടപടി ചോദ്യം ചെയ്തു രവി പൂജാരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
മുംബൈ പൊലീസിനു കൈമാറുന്നതു ജീവനു ഭീഷണി ആയേക്കുമെന്നും മഹാരാഷ്ട്ര പൊലീസ് ബെംഗളൂരുവില്‍ എത്തി അന്വേഷണം നടത്തുന്നതാകും ഉചിതമെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇതു നിരസിച്ച കോടതി രവി പൂജാരിയെ മുംബൈയിലേക്കു കൊണ്ടുപോകുന്നെങ്കില്‍ എല്ലാ സുരക്ഷയും ഉറപ്പാക്കണമെന്നും 10 ദിവസത്തിനു ശേഷം തിരിച്ചെത്തിക്കണമെന്നും നിര്‍ദേശിച്ചു.