ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാന്‍ കഴിയില്ല; തെളിവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ച് കൊണ്ട് കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പ് പുറത്ത്. ലഹരികടത്തിലെ കള്ളപ്പണ ഇടപാടില്‍ ബിനീഷ് കോടിയേരിക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

സംശയം വെച്ച് മാത്രം ഒരാളെ കുറ്റവാളിയാണെന്ന് പറയാന്‍ കഴിയില്ലെന്നും, അനൂപും, ബിനീഷ് കോടിയേരിയും തമ്മിലെ പണം കൈമാറ്റം നിയമവിരുദ്ധമെന്ന് ഈ ഘട്ടത്തില്‍ പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ച് കൊണ്ട് കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാകുന്നത്.

നേരത്തെ, ലഹരി മരുന്ന് ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി കേരളത്തില്‍ തിരിച്ചെത്തിയിരുന്നു. ബെംഗളൂരു ജയിലില്‍ നിന്നു പുറത്തിറങ്ങിയ ബിനീഷ് തിരുവനന്തപുരം വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. ബിനീഷിനെ സ്വീകരിക്കാനായി പൂമാലയും പൂച്ചെണ്ടുമെല്ലാമായി സുഹൃത്തുക്കളുടെ വലിയ നിര തന്നെയുണ്ടായിരുന്നു വിമാനത്താവളത്തില്‍.

‘കോടതിയോട് നന്ദി പറയുന്നു. വൈകിയാണെങ്കിലും നീതി ലഭിച്ചു. എല്ലാ കാലത്തും സത്യം മറച്ചുവെക്കാനില്ല, ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. എല്ലാം പിന്നീട് വിശദീകരിക്കാം’ എന്ന് ബിനീഷ് കോടിയേരി പറഞ്ഞു.

ഒക്ടോബര്‍ 28നാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം നല്‍കിയത്. ജാമ്യക്കാരെ ഹാജരാക്കാന്‍ വൈകിയത് കാരണമാണ് വെള്ളിയാഴ്ച ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതിരുന്നത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം നല്‍കണമെന്നായിരുന്നു പ്രധാന ജാമ്യവ്യവസ്ഥ. ഇതിനായി രണ്ട് കര്‍ണാടക സ്വദേശികളെ സെഷന്‍സ് കോടതിയിലെത്തിച്ചെങ്കിലും ജാമ്യവ്യവസ്ഥകള്‍ കണ്ട് അവര്‍ പിന്മാറുകയായിരുന്നു. പിന്നീട് രണ്ടുപേരെ കണ്ടെത്തി കോടതിയിലെത്തിച്ചെങ്കിലും സമയം വൈകിയിരുന്നു.

Top