ബെംഗലൂരു : ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് കര്‍ണാടക സര്‍ക്കാറിനോട് ഹൈക്കോടതി.
രണ്ട് മാസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ്, ജസ്റ്റിസ് കെ ആര്‍ കൃഷ്ണകുമാര്‍ എന്നിവരാണ് സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കാന്‍ നിര്‍ദേശിച്ചത്.
ഒരുകൂട്ടം ആക്ടിവിസ്റ്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാര്‍ തകര്‍ന്നതിന് ശേഷം അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ എടുത്ത ആദ്യ തീരുമാനങ്ങളിലൊന്നായിരുന്നു ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കിയത്.
കാബിനറ്റ് യോഗം പോലും ചേരാതെ ഒറ്റ ദിവസം കൊണ്ടാണ് ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. തീരുമാനം ഏകപക്ഷീയമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാറാണ് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാന്‍ തീരുമാനിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ധീരനാണ് ടിപ്പുവെന്നാണ് കോണ്‍ഗ്രസിന്റെ വാദം.