കര്‍ണാടക: കുഞ്ഞ് പ്രവേശിച്ചതുമൂലം ക്ഷേത്രം അശുദ്ധമായെന്ന് ആരോപിച്ച് ദളിത് ദമ്പതികളില്‍ നിന്നും പിഴ ഈടാക്കി. കര്‍ണാടകയിലെ മിയാപൂര്‍ ഗ്രാമത്തിലുള്ള ഹനുമാന്‍ ക്ഷേത്രത്തിലാണ് സംഭവം. രണ്ട് വയസ്സുള്ള ആണ്‍കുട്ടി ക്ഷേത്രത്തിലേക്ക് ഓടിക്കയറിയത് ക്ഷേത്രം അശുദ്ധമാവാന്‍ കാരണമായെന്ന് ആരോപിച്ചാണ് 25,000 രൂപ പിഴ ഈടാക്കിയിരിക്കുന്നത്.
ദളിത് കുട്ടി പ്രവേശിച്ചതോടെ ക്ഷേത്രം അശുദ്ധമായെന്നും ശുദ്ധീകരണത്തിനായി കുട്ടിയുടെ മാതാപിതാക്കള്‍ പിഴ നല്‍കണമെന്നുമായിരുന്നു ക്ഷേത്രം അധികൃതരുടെ ആവശ്യം. സംഭവം വിവാദമായതിന് പിന്നാലെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി എസ്പി ശ്രീധര അറിയിച്ചു.
സെപ്റ്റംബര്‍ 4 നാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെയാണ് വിഷയം പുറത്തറിയുന്നത്. പരാതി നല്‍കാന്‍ ദളിത് കുടുംബം ആദ്യം മടിച്ചിരുന്നതായും പൊലീസ് പറയുന്നു.
സെപ്റ്റംബര്‍ നാലിന് രണ്ട് വയസ്സുള്ള മകന്റെ പിറന്നാളിനാണ് ചന്ദ്രശേഖറും ഭാര്യയും ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്. ചെന്നദാസര്‍ വിഭാഗത്തിലുള്ളവരാണ് ചന്ദ്രശേഖറും ഭാര്യയും. വിലക്കുള്ളതിനാല്‍ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാതെ പുറത്ത് നിന്നായിരുന്നു കുടുംബം പ്രാര്‍ത്ഥിച്ചിരുന്നത്. ഇതിനിടയില്‍ കുട്ടി ക്ഷേത്രത്തിലേക്ക് ഓടിക്കയറി. ഇതോടെ പ്രകോപിതനായ പൂജാരി ഇതൊരു പ്രശ്‌നമാക്കി പിഴ ഈടാക്കുകയായിരുന്നു എന്നാണ് പരാതി.
ഇതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഗ്രാമത്തില്‍ സാമൂഹിക വിവേചനങ്ങള്‍ക്കെതിരേയും അതിന്റെ സ്വാധീനത്തിനെതിരെയും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി നിരവധി പൊതുയോഗങ്ങളാണ് നടക്കുന്നത്.
കൂടാതെ, ചേന്നദാസര്‍ ഉള്‍പ്പെടെ ഗ്രാമത്തിലെ എല്ലാ സമുദായക്കാരും ഉള്‍പ്പെടുത്തി പൊലീസിന്റെ സാന്നിധ്യത്തില്‍ മഹാപൂജയും നടത്തി.