ബംഗളൂരു: തീവ്രവാദക്കേസില്‍ തടവിലുള്ള തടിയന്റവിടെ നസീറിന്റെ നീക്കങ്ങള്‍ക്ക് കര്‍ണാടക പോലീസിന്റെ സഹായമുള്ളതായി സൂചന.
നസീറിന്റെ കൂട്ടാളി ഷഹനാസിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുക്കാട്ടുപടിയിലുള്ള ഇയാളുടെ വീട്ടില്‍നിന്നു കൈവിലങ്ങിന്റെ താക്കോല്‍ പൊലീസ് കണ്ടെത്തി. എന്തിനുവേണ്ടിയാണു താക്കോല്‍ സൂക്ഷിച്ചതെന്നു പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തടിയന്റവിടെ നസീറിനെ കൊണ്ടുപോകുന്ന സ്ഥലങ്ങള്‍ കര്‍ണാടക പോലീസില്‍ നിന്നു തന്നെയാണ് കൂട്ടാളി ഷഹനാസിന് ചോര്‍ന്നുകിട്ടുന്നത്.
ബംഗ്ലൂരുവിലെ ജയിലില്‍ കഴിയുന്ന സമയം തടിയന്റവിടെ നസീര്‍ രണ്ട് ഫോണുകളും സിം കാര്‍ഡും വാങ്ങി ഷഹനാസിന് കൈമാറിയിരുന്നു. ഇതിനും കര്‍ണാടക പോലീസിലെ ചിലരുടെ സഹായം ലഭിച്ചതായാണ് കേരളാ പോലീസ് സംശയിക്കുന്നത്.
ഔദ്യോഗിക സാക്ഷികളെയും സ്വാധീനിക്കാന്‍ നസീര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെളിവെടുപ്പിന് ഒപ്പമുണ്ടായിരുന്ന ഈ സാക്ഷികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുണ്ട്.
ശനിയാഴ്ച തടിയന്റവിടെ നസീറിന്റെ കത്തുകളുമായി പിടിയിലായ ഷഹനാസിനെ ചോദ്യംചെയ്തപ്പോള്‍ നിര്‍ണായകമായ പലകാര്യങ്ങളും പോലീസിന് ലഭ്യമായിട്ടുണ്ട്.