ബെംഗുളൂരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. അധികാരത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കു എന്ന ലക്ഷ്യം തനിക്കില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി. വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതിനിടെ, കുമാരസ്വാമി വിശ്വാസവോട്ടിന് തയ്യാറാണെന്ന് വ്യക്തമാക്കിയതോടെ ബി.ജെ.പി നേതാവ്ബി.എസ്. യെദ്യൂരപ്പ നിയമസഭയിലെ അദ്ദേഹത്തിന്റെ ചേംബറിലേക്ക് മടങ്ങി. ബി.ജെ.പി. നേതാക്കളുമായി ചര്‍ച്ച നടത്താനാണ് അദ്ദേഹം സഭാ ഹാളില്‍നിന്ന് ചേംബറിലേക്ക് മടങ്ങിയത്.
എല്ലാ ജെഡിഎസ് – കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കി. വിമതര്‍ക്ക് ഉള്‍പ്പടെയാണ് വിപ്പ് നല്‍കിയിരിക്കുന്നത്. വിപ്പ് ലംഘിച്ചാല്‍, വിശ്വാസവോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയില്ലെങ്കില്‍ എല്ലാ എംഎല്‍എമാരും അയോഗ്യരാകും. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ തീരുമാനിച്ചേക്കുമെന്നാണ് സൂചന.
കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരാനാണ് സുപ്രീം കോടതി ഉത്തരവ്. ചൊവ്വാഴ്ച്ച വരെ രാജിയിലും അയോഗ്യതയിലും തീരുമാനം എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു. കേസിലെ ഭരണഘടനാപരമായ വിഷയങ്ങള്‍ വിശദമായി പരിശോധിക്കും. കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സ്പീക്കര്‍ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചുവെന്ന് എംഎല്‍എമാരുടെ അഭിഭാഷകനായ മുകുള്‍ റോഹ്തഗി വാദിച്ചു. സ്പീക്കറുടെ വാര്‍ത്താ സമ്മേളനം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യത്തിനു നോട്ടിസ് അയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജിയും സ്പീക്കര്‍ക്ക് സഭയ്ക്കുള്ളിലെ അവകാശവും തമ്മില്‍ ബന്ധമില്ല. രാജി താമസിപ്പിച്ച് അംഗങ്ങളെ അയോഗ്യരാക്കാനുള്ള നീക്കമാണു സ്പീക്കര്‍ നടത്തുന്നതെന്നും റോഹ്തഗി വ്യക്തമാക്കി.
അതേസമയം 1974-ലെ ദേഭഗതി അനുസരിച്ച് എളുപ്പത്തില്‍ രാജി സ്വീകരിക്കാനാവില്ലെന്നും അന്വേഷണം നടത്തി യഥാര്‍ഥമാണെന്നു ബോധ്യപ്പെടേണ്ടതുണ്ടെന്നും സ്പീക്കര്‍ക്കു വേണ്ടി ഹാജരായ അഭിഷേക് സിങ്വി പറഞ്ഞു. അയോഗ്യത ഒഴിവാക്കാനാണ് എംഎല്‍എമാര്‍ രാജി നല്‍കിയിരിക്കുന്നതെന്നും സിങ്വി പറഞ്ഞു.
അതിനിടെ സ്പീക്കര്‍ കെ. ആര്‍ രമേശ് കുമാറിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. കോടതി ഉത്തരവിനെ സ്പീക്കര്‍ ചോദ്യം ചെയ്യുകയാണോ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു. മറുപടിയായി രാജി കത്തുകളില്‍ തീരുമാനം എടുക്കാനുള്ള അവകാശം സ്പീക്കര്‍ക്കുണ്ടെന്ന് എന്‍.കെ രമേശ് കുമാര്‍ കോടതിയോട് പറഞ്ഞു. അയോഗ്യത നോട്ടീസ് പരിഗണിക്കുകയാണെന്നും, രണ്ടു എംഎല്‍എമാര്‍ക്ക് അയോഗ്യത നോട്ടീസ് അയച്ചു കഴിഞ്ഞുവെന്നും സ്പീക്കറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.