ന്യൂഡല്‍ഹി: കര്‍ണാടക വിഷയത്തിലെ സുപ്രീം കോടതി വിധിക്കെതിരേ രാജ്യസഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. കൂറുമാറ്റ നിരോധന നിയമത്തിന്റെ സത്തക്കെതിരാണ് കോടതി വിധിയെന്നും ഭരണഘടനയുടെ വ്യക്തമായ ലംഘനമാണ് ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.
നിയമനിര്‍മാണ സഭയുടെ അധികാര പരിധിയിലേക്കുള്ള കടന്നു കയറ്റമാണ് ഇതെന്നും ഈ വിഷയത്തില്‍ ചെയര്‍മാന്‍ റൂളിംഗ് നല്‍കണമെന്നും ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു.
അതേസമയം കര്‍ണാടക സര്‍ക്കാരില്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തങ്ങള്‍ക്കെതിരെ ഉന്നയിക്കുന്നതെന്നും സുപ്രീംകോടതി ഉത്തരവ് ചര്‍ച്ചയാക്കാനില്ലെന്നും ബിജെപി നേതാവ് എന്തിനാണ് വിശ്വാസവോട്ടെടുപ്പ് വേഗത്തിലാക്കാന്‍ ധൃതികൂട്ടുന്നതെന്നും കുമാരസ്വാമി ചോദിച്ചു.
സര്‍ക്കാരിനെതിരെ വിമതര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ബിജെപിയുടെ പിന്തുണ അവര്‍ക്കുണ്ട്. കുതിരക്കച്ചവടമാണ് നടന്നത്. സഖ്യസര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സഖ്യം നിലനില്‍ക്കുന്നതിനേക്കാള്‍ പ്രധാനം ഗൂഢാലോചന പുറത്തുകൊണ്ടുവരികയാണെന്നും കുമാരസ്വാമി പറഞ്ഞു.
അതിനിടെ ഡി.കെ.ശിവകുമാറും ബിജെപി അംഗങ്ങളും തമ്മില്‍ സഭയില്‍ ഏറ്റുമുട്ടി. സഭാ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ പറഞ്ഞു.
15 വിമത എംഎല്‍എമാരടക്കം 21 പേര്‍ സഭാ നടപടികളില്‍നിന്ന് വിട്ടുനിന്നു. 2 സ്വതന്ത്രര്‍, കോണ്‍ഗ്രസിന്റെ നാഗേന്ദ്ര റെഡ്ഡിയും ശ്രീമന്ത് പാട്ടീലും ഒരു ബിജെപി എംഎല്‍എ എന്നിവര്‍ സഭയിലെത്തിയിട്ടില്ല.