കര്‍ണാടകത്തിലെ സഖ്യസര്‍ക്കാര്‍ താഴെ വീഴുമെന്നുറപ്പെന്ന് യെദിയൂരപ്പ

ബംഗളൂരു: കര്‍ണാടകത്തിലെ സഖ്യസര്‍ക്കാരിന് ഇനി തുടരാനാകില്ലെന്നും അംഗബലമില്ലെന്നും മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്.യെദിയൂരപ്പ. വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സ്പീക്കര്‍ രമേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. ചരിത്ര വിധിയാണിതെന്നും സ്പീക്കര്‍ പ്രതികരിച്ചു.

കര്‍ണാടകത്തിലെ വിമത എംഎല്‍എമാരുടെ രാജി വിഷയത്തില്‍ ഇടപെടില്ലെന്നാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. അനുയോജ്യമായ സമയത്തിനുള്ളില്‍ സ്പീക്കര്‍ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. വിശ്വാസ വോട്ടില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുതെന്നും രാജി അംഗീകരിക്കണമെന്ന് സ്പീക്കറെ നിര്‍ബന്ധിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഈ കേസിലെ ഭരണഘടനമായ വിഷയങ്ങള്‍ പിന്നീട് വിശദമായി പരിശോധിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണു വിധി.

അയോഗ്യരാക്കാന്‍ കാരണമില്ലെന്നും രാജിയില്‍ നിശ്ചിത സമയത്തിനകം തീരുമാനമെടുക്കാന്‍ സ്പീക്കറോടു നിര്‍ദേശിക്കണമെന്നും എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി ആവശ്യപ്പെട്ടിരുന്നു. കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കപ്പെടുന്നത് ഒഴിവാക്കാനാണു രാജിയെന്നു സ്പീക്കര്‍ക്കുവേണ്ടി വാദിച്ച അഭിഷേക് സിങ്വി പറഞ്ഞു. സ്പീക്കറോടു സമയപരിധി നിര്‍ദേശിക്കാനോ, രാജിയിലും അയോഗ്യതയിലും തീരുമാനമെടുക്കരുതെന്ന് ഉത്തരവിടാനോ കോടതിക്ക് അധികാരമില്ലെന്നും കഴിഞ്ഞദിവസത്തെ ഉത്തരവുകള്‍ പരിധിവിട്ടതാണെന്നും മുഖ്യമന്ത്രി കുമാരസ്വാമിക്കുവേണ്ടി രാജീവ് ധവാന്‍ വാദിച്ചു.

രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് 15 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.

Top