എന്തിനു വേണ്ടിയാണ് കര്‍ണ്ണാടകയിലെ മന്ത്രിമാരെല്ലാം ഇപ്പോള്‍ രാജിവച്ചിരിക്കുന്നത്? എന്ത് സന്ദേശമാണ് ഇതിലൂടെ കോണ്‍ഗ്രസ്സ് പൊതുസമൂഹത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് കോണ്‍ഗ്രസ്സ് ഹൈക്കമാന്റാണ്. അങ്ങനെയൊരു ഹൈക്കമാന്റ് ഇപ്പോഴുമുണ്ടെങ്കില്‍ മറുപടി പറയുക തന്നെ വേണം.
രാജിവച്ച് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തിയ എം.എല്‍.എമാരെ മന്ത്രിമാരാക്കാന്‍ നടത്തിയ നീക്കം ജനവിരുദ്ധം തന്നെയാണ്. പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരുന്നു എങ്കില്‍ അതിനൊരു അന്തസ്സുണ്ടാകുമായിരുന്നു. വലിയ പിഴവാണ് ഇവിടെ കോണ്‍ഗ്രസ്സ് വരുത്തിയിരിക്കുന്നത്. ‘കൈപ്പത്തി’യേക്കാള്‍ വിശ്വാസം കാവിയുടെ കരങ്ങളിലാണ് വിമത എം.എല്‍.എമാര്‍ നിലവില്‍ കാണുന്നത്. മഹാരാഷ്ട്ര നല്‍കുന്ന കാഴ്ചകള്‍ അതാണ് സൂചിപ്പിക്കുന്നത്.
വിമത എം.എല്‍.എമാരെ സ്വാധീനിക്കാന്‍ എത്തിയ കോണ്‍ഗ്രസ്സ് നേതാവ് ഡി.കെ.ശിവകുമാറിന് അവരെ കാണാന്‍ പോലും സാധിച്ചിട്ടില്ല. മഹാരാഷ്ട്രയിലെ ബി.ജെ.പി ഭരണകൂടത്തിന്റെ സുരക്ഷയിലാണ് പത്ത് വിമത എം.എല്‍.എമാരും കഴിയുന്നത്. പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവിതവും റിസോര്‍ട്ട് രാഷ്ട്രീയവുമെല്ലാം കോണ്‍ഗ്രസ്സ് എം.എല്‍.എമാരെ മത്തുപിടിപ്പിച്ചിരിക്കുകയാണ്. നോട്ടുകെട്ടുകള്‍ക്കും അധികാരത്തിനും മീതെ ഒരു എം.എല്‍.എയും പറക്കില്ലെന്ന് വ്യക്തമായി കഴിഞ്ഞു.
ഈ വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനാണ് കര്‍ണ്ണാടകയിലെ മന്ത്രിമാര്‍ കൂട്ടരാജി നല്‍കിയിരിക്കുന്നത്. വിമത എം.എല്‍.എമാര്‍ക്കെല്ലാം മന്ത്രി പദവി നല്‍കി ഒരു പ്രശ്ന പരിഹാരം, അതാണ് കോണ്‍ഗ്രസ്സും ജെ.ഡി.എസും വാഗ്ദാനം ചെയ്യുന്നത്. ഇതെവിടുത്തെ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ്സ് ഹൈക്കമാന്റാണ് വ്യക്തമാക്കേണ്ടത്. സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചവര്‍ക്ക് ജനങ്ങളെ വഞ്ചിക്കാനുള്ള അവസരമാണോ നിങ്ങള്‍ ഒരുക്കുന്നത് ?
പാര്‍ട്ടിയെ ചതിച്ച എം.എല്‍.എമാരെ പുറത്താക്കിയും അയോഗ്യരാക്കിയും മുന്നോട്ട് പോകുകയാണ് വേണ്ടിയിരുന്നത്. വിമതരുടെ കാലു പിടിച്ച് ഭരിക്കുന്നതിലും നല്ലത്, കോണ്‍ഗ്രസ്സ് തന്നെ പിരിച്ചു വിടുന്നതാണ്. ജനങ്ങളെ സേവിക്കാനാണ് ഈ എം.എല്‍.എമാരെയെല്ലാം തെരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റേയും ജെ.ഡി.എസിന്റേയും രാഷ്ട്രീയത്തിനു കിട്ടിയ വോട്ടാണത്. അതിനെയാണ് കാവി രാഷ്ട്രീയത്തിന്റെ വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ കൈപ്പത്തിക്ക് കിട്ടിയ വോട്ടിന്റെ പിന്‍ബലത്തിലാണ് ഈ വിമത എം.എല്‍.എമാര്‍ ബി.ജെ.പിക്ക് കൈ കൊടുത്തിരിക്കുന്നത്. കൊടും രാഷ്ട്രീയ വഞ്ചനയാണിത്.
കൂട്ടുകച്ചവടത്തില്‍ ജെ.ഡി.എസിന്റെ മൂന്ന് എം.എല്‍.എമാരും പങ്കാളികളായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഏതെങ്കിലും ഒരു വ്യക്തിയോ രാഷ്ട്രീയ പാര്‍ട്ടിയോ വിചാരിച്ചാല്‍ ഏത് സര്‍ക്കാറിനെയും മറിച്ചിടാന്‍ കഴിയുമെന്ന അവസ്ഥ ജനാധിപത്യ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. ഖദര്‍ കാവിക്ക് വഴിമാറുന്ന കാഴ്ച രാജ്യത്ത് പുതിയ സംഭവമല്ലെങ്കിലും ഇപ്പോഴും അത് ആവര്‍ത്തിക്കുന്നു എന്നത് ഭയപ്പെടുത്തുന്ന കാര്യം തന്നെയാണ്.
സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുമ്പോള്‍ തന്നെ അവരുടെ ആത്മാര്‍ത്ഥതയും പാര്‍ട്ടിയോടുള്ള കൂറും ഇനിയെങ്കിലും കോണ്‍ഗ്രസ്സ് നേതൃത്വം മനസ്സിലാക്കാന്‍ ശ്രമിക്കണം. ഏതെങ്കിലും നേതാക്കളുടെ ശുപാര്‍ശ മാത്രം മതി ആര്‍ക്കും മത്സരിക്കാന്‍ ടിക്കറ്റ് കിട്ടാനെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. കര്‍ണ്ണാടക പി.സി.സി പിരിച്ച് വിട്ടതില്‍ തന്നെ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി വ്യക്തമാണ്. ഇതു തന്നെയാണ് വിമതര്‍ ഇപ്പോള്‍ മുതലാക്കിയിരിക്കുന്നത്.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നയിക്കാന്‍ നായകനോ ബദല്‍ സംവിധാനമോ ഇല്ലാത്ത അവസ്ഥയിലൂടെയാണ് കോണ്‍ഗ്രസ്സ് കടന്നു പോകുന്നത്. നിര്‍ണ്ണായക രാഷ്ട്രീയ ഇടപെടലുകള്‍ വേണ്ട സമയത്താണ് ഈ ഗതികേടെന്നതും ഓര്‍ക്കണം. യെദ്യൂരപ്പ ഭരിച്ചാലും വേണ്ടില്ല കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറണമെന്ന് ആഗ്രഹിക്കുന്ന സിദ്ധരാമയ്യയും വിമതര്‍ക്ക് പ്രചോദനമായിട്ടുണ്ട്. ഒടുവില്‍ എല്ലാം കൈവിട്ട് പോയപ്പോള്‍ ശരിക്കും ‘നല്ല നാടക’മാണിപ്പോള്‍ കളിക്കുന്നത്.
ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസ്സിന് മുഖ്യമന്ത്രി പദം നല്‍കാതെ അത് പിടിച്ച് വാങ്ങിയ കുമാരസ്വാമിക്ക് അര്‍ഹതപ്പെട്ട തിരിച്ചടി തന്നെയാണ് നിലവില്‍ കിട്ടിയിരിക്കുന്നത്. ജെ.ഡി.എസ് എം.എല്‍.എമാരുടെ കൂറ് മാറ്റം വീണ്ടും ആ പാര്‍ട്ടിയെ വലിയ പിളര്‍പ്പിലേക്കാണ് കൊണ്ടു പോകുന്നത്.
കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം നല്‍കേണ്ടി വന്നതില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ പുകഞ്ഞ എതിര്‍പ്പ് തന്നെയാണ് സര്‍ക്കാരിന്റെ അസ്ഥിരതക്കും കാരണമായിരിക്കുന്നത്. മുഖ്യമന്ത്രി തന്നെ പലവട്ടം പൊട്ടി കരയുന്ന സ്ഥിതിയുമുണ്ടായി. ഇത്രയും സമ്മര്‍ദ്ദവും വേദനയും സഹിച്ച് എന്തിന് കുമാരസ്വാമി കടിച്ചു തൂങ്ങി മുഖ്യമന്ത്രിയായി തുടരുന്നു എന്നതും പ്രസക്തമായ ചോദ്യം തന്നെയാണ്. ഇവിടെയാണ് അധികാര കൊതിയുടെ രാഷ്ട്രീയം വ്യക്തമാകുക.
സ്വന്തം മകന്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ കുത്തക മണ്ഡലത്തില്‍ തോറ്റതൊന്നും കുമാരസ്വാമിക്ക് പ്രശ്നമല്ല. തിരുത്തല്‍ നടപടിക്ക് ജെ.ഡി.എസ് പോലും തയ്യാറുമല്ല. തോറ്റ സ്ഥാനാര്‍ത്ഥിയെ യുവജന വിഭാഗത്തിന്റെ സാരഥിയാക്കിയാല്‍ പ്രശ്നം പരിഹരിച്ചു എന്ന് കരുതുന്ന പാര്‍ട്ടിയാണ് ആ പാര്‍ട്ടി. ഇനിയെങ്കിലും സാമാന്യ യുക്തിക്ക് അനുസരിച്ച ഒരു വിലയിരുത്തല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നടത്തുവാന്‍ കോണ്‍ഗ്രസ്സിനും ജെ.ഡി.എസിനും കഴിയണം.
വിമത എം.എല്‍.എമാര്‍ കലാപ കൊടി ഉയര്‍ത്തുന്നതിന് മുന്‍പ് തന്നെ പ്രശ്നം പരിഹരിക്കാന്‍ ഭരണപക്ഷത്തിന് കഴിയണമായിരുന്നു. പ്രത്യേകിച്ച് ബി.ജെ.പി അട്ടിമറിക്ക് പലവട്ടം ശ്രമിച്ച സാഹചര്യത്തില്‍ ജാഗ്രത വേണമായിരുന്നു. ഇവിടെ സംസ്ഥാന ഇന്റിലിജന്‍സ് സംവിധാനവും ശരിക്കും പരാജയപ്പെട്ടിരിക്കുകയാണ്. കര്‍ണ്ണാടകയില്‍ ആഭ്യന്തര വകുപ്പ് കയ്യാളിയിരുന്ന കോണ്‍ഗ്രസ്സിനു തന്നെയാണ് ഇതിന്റെയും ഉത്തരവാദിത്വം.
കോണ്‍ഗ്രസ്സായാലും ജെ.ഡി.എസ് ആയാലും സംഘടനാപരമായ ഒരു കെട്ടുറപ്പ് ഭരിക്കുന്ന സംസ്ഥാനത്ത് പോലും രണ്ടു പാര്‍ട്ടികള്‍ക്കും ഇല്ല. വെറുതെ ആള്‍ക്കൂട്ടമായ ഒരു പ്രവര്‍ത്തനം. അതും തെരഞ്ഞെടുപ്പ് കാലത്ത് മാത്രം. ഇതാണ് ഈ പാര്‍ട്ടികളുടെ ഒരു രീതി. പാര്‍ട്ടിയുടെ നയമെന്താണ്, പാര്‍ട്ടി ഭരണഘടനയില്‍ പറയുന്ന കാര്യമെന്തൊക്കെയാണ് എന്ന് ചോദിച്ചാല്‍ കോണ്‍ഗ്രസ്സിന്റെയും ജെ.ഡി.എസിന്റെയും എം.എല്‍.എമാര്‍ പോലും കൈമലര്‍ത്തും. കാരണം നോട്ടുകെട്ടുകളുടെ തൂക്കവും മുതിര്‍ന്ന നേതാക്കളുടെ ശുപാര്‍ശയും മാത്രമാണ് രണ്ടു പാര്‍ട്ടികളിലും എം.എല്‍.എ ടിക്കറ്റിനുള്ള യോഗ്യത.
ഈ നിലപാട് മാറ്റാത്തിടത്തോളം കാലം എം.എല്‍.എമാര്‍ക്കെന്നല്ല പഞ്ചായത്ത് അംഗത്തിന് പോലും ജനങ്ങളോടും സ്വന്തം പാര്‍ട്ടിയോടും ഒരു വിധേയത്വവും ഉണ്ടാകാന്‍ പോകുന്നില്ല. സി.പി.എമ്മിനെ പോലെ ഒരു കേഡര്‍ പാര്‍ട്ടി ആയില്ലെങ്കിലും അച്ചടക്കം, പാര്‍ട്ടി കൂറ് എന്നിവയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. പാര്‍ട്ടി അദ്ധ്യക്ഷനെ പെട്ടെന്ന് തെരഞ്ഞെടുത്ത് സംഘടനാ പൊളിച്ചെഴുത്താണ് കോണ്‍ഗ്രസ്സ് ആദ്യം തന്നെ ചെയ്യേണ്ടത്. അതല്ലെങ്കില്‍ കര്‍ണ്ണാടക മറ്റ് പലയിടത്തും ആവര്‍ത്തിച്ചെന്നിരിക്കും.
ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണം തുലാസിലാണ്. കര്‍ണ്ണാടക കാവിയണിഞ്ഞാല്‍ ഈ സംസ്ഥാനങ്ങളിലും അതിന്റെ പ്രതിധ്വനി ഉണ്ടാകും. ബി.ജെ.പിക്ക് അധികാരം കയ്യില്‍ വച്ചു കൊടുത്തതിന് വലിയ വില കോണ്‍ഗ്രസ്സിന് നല്‍കേണ്ടിയും വരും. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയുമാണ്. കര്‍ണ്ണാടക സര്‍ക്കാര്‍ വീണാല്‍ ഒരുമിച്ചായിരിക്കും ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുക.
Express View