തിരുവനന്തപുരം: കര്‍ണാടകയില്‍ മലയാളിയായ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ക്രൂരമായ റാഗിംഗിനിരയായ സംഭവത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍.
ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. കര്‍ണാടക സര്‍ക്കാരുമായി ഇത് സംബന്ധിച്ച് ബന്ധപ്പെടുമെന്ന് മന്ത്രി അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഷൈലജ ടീച്ചര്‍ പറഞ്ഞു.
ഗുല്‍ബര്‍ഗയില്‍ നഴ്‌സിംഗിന് പഠിക്കുന്ന അശ്വതിയാണ് റാഗിംഗിന് ഇരയായത്. എടപ്പാള്‍ സ്വദേശിനിയാണ്. ക്ലീനിംഗ് ലോഷന്‍ കുടിപ്പിച്ചതാണ് ഗുരുതരാവസ്ഥയിലാകാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ക്രൂരമായ റാഗിംഗിനിടെ ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ വെച്ചിരുന്ന ലോഷന്‍ കുടിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അന്നനാളം വെന്തുരുകിയ നിലയിലാണ്. പെണ്‍കുട്ടിക്ക് രണ്ട് ദിവസമായി ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിട്ടില്ല. ട്യൂബിലൂടെ ദ്രാവക രൂപത്തിലാണ് ഭക്ഷണം നല്‍കുന്നത്.
മെയ് 9നാണ് അശ്വതിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തത്. മലയാളി വിദ്യാര്‍ത്ഥികളാണ് ഇവര്‍ എന്നാണ് സൂചന. ക്ലീനിംഗ് ലോഷനായ ഫിനോയില്‍ കുടിപ്പിച്ച് ഗുരുതരാവസ്ഥയിലായ അശ്വതിയെ ആദ്യം കര്‍ണാടകയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.