karnataka raging; malayali students remanded

ഗുല്‍ബര്‍ഗ് : കര്‍ണ്ണാടകയില്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനി റാഗിംഗിന് ഇരയായ സംഭവത്തില്‍ മൂന്ന് മലയാളി സീനിയര്‍ വിദ്യാര്‍ത്ഥിനികളെ റിമാന്‍ഡ് ചെയ്തു. ഗുല്‍ബര്‍ഗ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇന്നു പുലര്‍ച്ചെയാണ് പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് മൂന്നു മലയാളി വിദ്യാര്‍ത്ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സീനിയര്‍ വിദ്യാര്‍ത്ഥിനികളായ കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശിനികളായ ആതിര, കൃഷ്ണപ്രിയ എന്നിവരാണ് റിമാന്‍ഡിലുള്ളത്. മൂന്നാം പ്രതി കൃഷ്ണപ്രിയയെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

നാലാംപ്രതി ശില്‍പ ജോസിനെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് എസ്.പി ശശികുമാര്‍ പറഞ്ഞു.

റാഗിംഗിന് ഇരയായ അശ്വതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗ എസ്പി വ്യക്തമാക്കി. അശ്വതിയുടെ റൂം മേറ്റ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Top