വ്യാജ വാര്‍ത്തകളും അപകീര്‍ത്തി പോസ്റ്റുകളും തടയാനൊരുങ്ങി കര്‍ണാടക; ബില്ലിന്റെ കരടുരൂപം തയാറാക്കി

ബംഗളൂരു: വ്യാജ വാര്‍ത്തകളും സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തി പോസ്റ്റുകളും തടയാന്‍ നിയമനിര്‍മാണത്തിനൊരുങ്ങി കര്‍ണാടക. ഡിസംബര്‍ നാലുമുതല്‍ ചേരുന്ന ശീതകാല നിയമസഭ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കാനാണ് നീക്കം. ബില്ലിന്റെ കരടുരൂപം ഐ.ടി വകുപ്പുമായി ചേര്‍ന്ന് ആഭ്യന്തര വകുപ്പ് തയാറാക്കിയിട്ടുണ്ട്.

വ്യാജ വാര്‍ത്തകള്‍ക്കും സമൂഹമാധ്യമങ്ങളിലെ അപവാദ പ്രചാരണങ്ങള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ നയം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇത്തരം വ്യാജ വാര്‍ത്തകളും സമൂഹമാധ്യമ പോസ്റ്റുകളും നിരീക്ഷിക്കാന്‍ ഐ.ടി വകുപ്പിനു കീഴില്‍ പ്രത്യേക വിഭാഗംതന്നെ രൂപവത്കരിക്കുമെന്ന് ഐ.ടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞിരുന്നു.

സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളെ സര്‍ക്കാര്‍ വളരെ ഗൗരവമായാണ് കാണുന്നതെന്ന് ആഭ്യന്തരമന്ത്രി ഡോ. ജി.കെ. പരമേശ്വര പറഞ്ഞു.അതേസമയം, തങ്ങളുടെ ഐ.ടി സെല്‍ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടി ചെറുക്കാന്‍ ബി.ജെ.പിയും രംഗത്തുവന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുടെ പേരില്‍ പൊലീസ് നടപടി നേരിടുന്ന ഐ.ടി സെല്‍ പ്രവര്‍ത്തകര്‍ക്ക് നിയമസഹായം നല്‍കാനാണ് ബി.ജെ.പി തീരുമാനം.

Top