ബെംഗളുരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെയെന്ന് സ്പീക്കര്‍. സഭാനടപടികള്‍ 11 മണിക്ക് ആരംഭിക്കുമെന്നും കര്‍ണാടക സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ അറിയിച്ചു.
ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതേസമയം, വിപ്പ് നല്‍കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് കോണ്‍ഗ്രസും മുഖ്യമന്ത്രി കുമാരസ്വാമിയും ഇന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.
രാജി നല്‍കിയ എംഎല്‍എമാര്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ സഭയില്‍ ഹാജരാകണമെന്ന് നിര്‍ബന്ധിക്കാനാകില്ല എന്ന് ജൂലായ് 17ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് വിപ്പ് നല്‍കാനുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ അവകാശത്തിന്റെ ലംഘനമാണെന്ന് കോണ്‍ഗ്രസിന്റെയും കുമാരസ്വാമിയുടെയും അപേക്ഷകളില്‍ പറയുന്നത്. ഇതോടൊപ്പം വിശ്വാസ വോട്ടെടുപ്പ് എത്രയും വേഗം നടത്താന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട രണ്ട് സ്വതന്ത്ര എംഎല്‍എമാരും കോടതിയെ സമീപിച്ചിട്ടുണ്ട്. കുമാരസ്വാമിയുടേത് ന്യൂനപക്ഷ സര്‍ക്കാരാണെന്നും ബിജെപിയെ പിന്തുണക്കുന്ന ഈ എംഎല്‍എമാര്‍ വാദിക്കുന്നു. ഈ ഹര്‍ജിയും വേഗത്തില്‍ കേള്‍ക്കണമെന്ന് സ്വതന്ത്ര എംഎല്‍എമാരും ഇന്ന് ചീഫ് ജസ്റ്റിസ് കോടതിയില്‍ ആവശ്യപ്പെടും.
കര്‍ണാടകത്തിലെ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച അഞ്ച് മണിക്കുള്ളില്‍ നടത്തണമെന്ന കര്‍ശന നിര്‍ദേശം സ്പീക്കര്‍ക്ക് സുപ്രീംകോടതി നല്‍കണമെന്നാണ് സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജിയിലെ ആവശ്യം. കെപിജെപി എംഎല്‍എ ആര്‍ ശങ്കര്‍, സ്വതന്ത്രന്‍ എച്ച് നാഗേഷ് എന്നിവരാണ് കോടതിയെ സമീപിക്കുന്നത്. ഇന്ന് രാവിലെത്തന്നെ ഹര്‍ജി ഫയല്‍ ചെയ്യുമെന്നാണ് സൂചന. രാവിലെത്തന്നെ ചീഫ് ജസ്റ്റിസ് കോടതിയില്‍ ഹര്‍ജിയുടെ കാര്യം അഭിഭാഷകര്‍ പരാമര്‍ശിക്കുകയും ചെയ്തേക്കും.
ഇതിനകം രണ്ട് തവണ ഗവര്‍ണര്‍ സ്പീക്കറോട് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടു. എന്നാലിതിന് തയ്യാറാകാതെ ചര്‍ച്ച നീട്ടിക്കൊണ്ടുപോവുകയാണ് സ്പീക്കര്‍ എന്ന് ഹര്‍ജിയില്‍ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് നേരത്തേ പറഞ്ഞ ബിഎസ്പി നിലപാട് മാറ്റി. വോട്ടെടുപ്പില്‍ പങ്കെടുത്ത് കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ ബിഎസ്പി അധ്യക്ഷ മായാവതി, എംഎല്‍എ എന്‍ മഹേഷിന് നിര്‍ദേശം നല്‍കി.
ഇതിനിടെ, ഇന്ന് നിയമസഭയിലെത്തണമെന്ന് എംഎല്‍എമാരോട് മുഖ്യമന്ത്രി കുമാരസ്വാമി അഭ്യര്‍ത്ഥിച്ചു. തനിക്ക് അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ആഗ്രഹമില്ല. ഇന്ന് സഭയില്‍ എത്തി ബിജെപി എങ്ങനെയാണ് കുതിരക്കച്ചവടം നടത്തുന്നത് എന്ന് വെളിപ്പെടുത്തണമെന്നാണ് കുമാരസ്വാമിയുടെ അഭ്യര്‍ത്ഥന. സര്‍ക്കാരിനെ രക്ഷിക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്നും കുമാരസ്വാമി വ്യക്തമാക്കി.