ബംഗളൂരു: കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കാനാകില്ലെന്നും കോടതി ഉത്തരവിട്ടു.
വോട്ടെടുപ്പ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വിമത പക്ഷത്തുള്ള സ്വതന്ത്ര എംഎല്‍എമാരായ ആര്‍. ശങ്കറും എച്ച്. നാഗേഷും നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.
അതേസമയം കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെയെന്ന് സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ അറിയിച്ചു. സഭാനടപടികള്‍ 11 മണിക്ക് ആരംഭിക്കുമെന്നും മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന്മേലുള്ള എല്ലാ നടപടികളും ഇന്ന് തന്നെ പൂര്‍ത്തിയാക്കുമെന്നും സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് പുറപ്പെടും മുന്‍പാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വിമത എം.എല്‍.എ മാരോട് സഭയില്‍ ഹാജരാകാന്‍ സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ അന്ത്യശാസനം രണ്ടുതവണയും നിയമസഭാ സ്പീക്കര്‍ തള്ളിയിരുന്നു. ഇതിനിടെ സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനു ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
ഇതിനിടെ, ഇന്ന് നിയമസഭയിലെത്തണമെന്ന് എംഎല്‍എമാരോട് മുഖ്യമന്ത്രി കുമാരസ്വാമി അഭ്യര്‍ത്ഥിച്ചു. തനിക്ക് അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ആഗ്രഹമില്ല. ഇന്ന് സഭയില്‍ എത്തി ബിജെപി എങ്ങനെയാണ് കുതിരക്കച്ചവടം നടത്തുന്നത് എന്ന് വെളിപ്പെടുത്തണമെന്നാണ് കുമാരസ്വാമിയുടെ അഭ്യര്‍ത്ഥന. സര്‍ക്കാരിനെ രക്ഷിക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്നും കുമാരസ്വാമി വ്യക്തമാക്കി.