കാവേരി പ്രശ്‌നത്തില്‍ തമിഴ്‌നാടിനെ അനുകൂലിച്ചുകൊണ്ട് നിലപാട് സ്വീകരിച്ച നടന്‍ രജനീകാന്തിന്റെ കാല സിനിമ കര്‍ണാടകത്തിലെ ജനങ്ങളും ഫിലിം ചേംബറുകളും കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി.
ചില തീവ്ര കന്നട സംഘടനകള്‍ സിനിമ റിലീസിംഗ് അനുവദിക്കരുതെന്ന ആവശ്യവുമായി തന്നെ സമീപിച്ചിരുന്നു. പ്രശ്‌നം പരിശോധിച്ച് അനുയോജ്യമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ തലവന്‍ വിശാലും നടന്‍ പ്രകാശ് രാജും കര്‍ണാടകയില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിക്കുന്നതിനായി ഫിലിം ചേംബര്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. ജൂണ്‍ ഏഴിന് ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, കര്‍ണാടകയിലെ രജനീകാന്ത് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് ചിത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വധഭീഷണി നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങള്‍ക്കെതിരെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് അസോസിയേഷന്‍ അംഗങ്ങള്‍ ബംഗളൂരു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.