കണ്ണൂര്‍: കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ട് നടക്കാനിരിക്കെ കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ബി.ജെ.പി നേതാവ് യെദിയൂരപ്പയുടെ പേരില്‍ പൊന്നിന്‍കുടം സമര്‍പ്പണം. ഇന്നലെയാണ് സമര്‍പ്പണം നടത്തിയത്. വിശ്വാസ വോട്ടില്‍ കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍, പിന്നീട് രൂപീകരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ നയിക്കുക യെദിയൂരപ്പ ആയിരിക്കും. അങ്ങനെയെങ്കില്‍ യെദിയൂരപ്പ മുഖ്യമന്ത്രിയായാല്‍ രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പും യെദിയൂരപ്പ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പട്ടം താലി സമര്‍പ്പണവും നെയ് വിളക്ക് സമര്‍പ്പണവും നടത്തുന്നുണ്ട്. നേരത്തെ ബംഗളൂരുവില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന, ആര്‍.എസ്.എസുമായി അടുപ്പമുള്ള ഒരു ഭക്തനാണ് ഇപ്പോള്‍ വഴിപാട് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.