സിദ്ധരാമയ്യ മുഖ്യമന്ത്രി ആയാല്‍ എതിര്‍ക്കില്ല: ജെഡിഎസ് മന്ത്രി

ബെംഗളൂരു: എംഎല്‍എമാരുടെ കൂട്ടരാജിക്കു പിന്നാലെ കര്‍ണാടകയില്‍ അരങ്ങേറുന്നത് നാടകീയ മുഖൂര്‍ത്തങ്ങള്‍. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാല്‍ അംഗീകരിക്കുമെന്ന് ജെഡിഎസ് അറിയിച്ചു. കര്‍ണാടകയില്‍ ചര്‍ച്ചകള്‍ക്കു ചുക്കാന്‍ പിടിക്കുന്ന മന്ത്രി എച്ച്.ടി. ദേവെഗൗഡയാണ് ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചത്.

ഏകോപന സമിതി തീരുമാനിക്കുകയാണെങ്കില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിന് എതിര്‍പ്പൊന്നുമില്ല. സര്‍ക്കാരിനെ സംരക്ഷിക്കുന്നതിനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും എച്ച്.ടി. ദേവെഗൗഡ വ്യക്തമാക്കിയിട്ടുണ്ട്. രാജിവച്ച എംഎല്‍എ എച്ച്. വിശ്വനാഥ് രാജി പിന്‍വലിക്കാമെന്നു സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. തിരിച്ചുവരുമെന്ന് വിശ്വനാഥ് അറിയിച്ചിട്ടുണ്ട്. സിദ്ധരാമയ്യയോ, കോണ്‍ഗ്രസിലെയോ ജെഡിഎസിലെയോ മറ്റാരെങ്കിലുമോ മുഖ്യമന്ത്രിയാകുന്നതില്‍ എതിര്‍പ്പൊന്നുമില്ല. പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ മന്ത്രിസ്ഥാനം രാജി വയ്ക്കാന്‍ തയാറാണ്. ബിജെപിയിലേക്കു പോകാനില്ല. കര്‍ണാടകയുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സഖ്യസര്‍ക്കാരാണ് ഞങ്ങളുടേതെന്നും എച്ച്.ടി.ദേവെഗൗഡ പറഞ്ഞു.

കര്‍ണാടകയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ജെഡിഎസ് നിയമസഭാ കക്ഷിയോഗം അല്‍പസമയത്തിനകം ചേരും. ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണു യോഗം നടക്കുന്നത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ബെംഗളൂരുവിലെത്തി. കോണ്‍ഗ്രസ് നേതാക്കളുമായും കുമാരസ്വാമി ചര്‍ച്ച നടത്തുമെന്നാണ് വിവരം.

Top