ജയ്പുര്‍: രജ്പുത്ത് സമുദായത്തെ എലികളോട് ഉപമിച്ച രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരിയുടെ മൂക്കും ചെവിയും മുറിക്കുമെന്ന് ശ്രീ രജ്പുത്ത് കര്‍ണി സേനയുടെ ഭീഷണി. വിഷയത്തില്‍ മന്ത്രി ഉടന്‍ മാപ്പ് പറയണമെന്നും കര്‍ണിസേന ആവശ്യപ്പെട്ടു.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന പുറത്ത് വന്നത്. സര്‍വ രജ്പുത്ത് സമാജ് സംഘര്‍ഷ് സമിതി എന്ന സംഘടന വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ പ്രചരണവുമായി രംഗത്ത് വരും എന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ‘അവര്‍ മഴക്കാലത്തെ എലികളെപ്പോലെ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം പുറത്ത് വരുന്നവര്‍ ആണ്’ എന്ന മന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്. എന്നാല്‍ പ്രസ്താവനയില്‍ താന്‍ രജ്പൂത്ത് സമുദായത്തെ അല്ല ഉദ്ദേശിച്ചത് എന്ന് മന്ത്രി വ്യക്തമാക്കി.
ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുന്‍പ് പത്മാവദ് വിവാദ സമയത്ത് ദീപിക പദുകോണിന് സംഭവിച്ചത് മന്ത്രി ഓര്‍ക്കണമെന്ന് കര്‍ണിസേന ഓര്‍മിപ്പിച്ചു. ‘രാജസ്ഥാനില്‍ ബി.ജെ.പി അധികാരത്തില്‍ എത്താന്‍ കാരണം രജ്പുത്ത് സമുദായം ആണ്. മന്ത്രി മഹേശ്വരി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചതും ഞങ്ങള്‍ കാരണം ആണ്. ഏകദേശം 40000 വോട്ടര്‍മാരാണ് ഞങ്ങള്‍ക്ക് മന്ത്രിയുടെ മണ്ഡലത്തില്‍ മാത്രം ഉള്ളത്. മന്ത്രി ഉടന്‍ മാപ്പ് ചോദിച്ചില്ലെങ്കില്‍ ഞങ്ങള്‍ വരുന്ന തിരഞ്ഞെടുപ്പില്‍ അതിനുള്ള പാഠം പഠിപ്പിച്ചുകൊള്ളാം’. കര്‍ണിസേന നേതാവ് മഹിപാല്‍ മക്രാണ വ്യക്തമാക്കി.
കോണ്‍ഗ്രസ് രാജസ്ഥാന്‍ അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് രംഗത്തെത്തി.