ചെന്നൈ: രജനികാന്തിന്റേയും, കമല്‍ഹാസന്റേയും രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ വരുന്നതുവരെ കാത്തിരിക്കാമെന്ന് തമിഴ്‌നടന്‍ കാര്‍ത്തി. തമിഴ് ജനതയ്ക്ക് വേണ്ടി അവരെന്താണ് നല്‍കാന്‍ പോകുന്നതെന്ന് നമുക്ക് കാത്തിരുന്നു കാണാമെന്നും കാര്‍ത്തി പറഞ്ഞു. തന്റെ അടുത്ത സുഹൃത്തായ വിശാല്‍ തമിഴിലെ ഇതിഹാസ താരങ്ങളായ കമലഹാസന്‍, രജനീ കാന്ത് എന്നിവരുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള പ്രതികരണവുമായാണ് നടന്‍ കാര്‍ത്തി രംഗത്തെത്തിയത്.
‘ഒരു വ്യക്തി എന്ന രീതിയില്‍ വിശാലിന് തമിഴ്‌നാട്ടിലെ ആളുകളെ സഹായിക്കാന്‍ ആഗ്രഹമുണ്ട്. നാമനിര്‍ദ്ദേശപത്രിക നല്‍കിയപ്പോഴാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ പുകിലുകളെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കിയത്. അദ്ദേഹം ആരേയും പേടിച്ചില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അദ്ദേഹത്തിന് കെട്ടിവച്ച പണം തിരിച്ചുകിട്ടിയില്ലെങ്കില്‍ പോലും മത്സരിക്കാന്‍ തയാറായി എന്നത് തന്നെ വലിയ കാര്യമാണ്.’ എന്നാല്‍ വിശാല്‍ ഇതുവരെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിട്ടില്ലെന്നും അതിനെക്കുറിച്ചൊന്നും സംസാരിച്ചിട്ടില്ലെന്നും കാര്‍ത്തി പറഞ്ഞു.
അതേസമയം, രജനിയുടേയും കമലിന്റേയും രാഷ്ട്രീയ പ്രവേശനുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വരുന്നതുവരെ നമുക്ക് കാത്തിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കുറച്ചുമാസങ്ങള്‍ കൂടി നമുക്കു കാത്തിരിക്കാം. ധൃതികൂട്ടേണ്ട. അവര്‍ അവരുടെ പദ്ധതികള്‍ പ്രഖ്യാപിക്കട്ടെ. തമിഴ് ജനതയ്ക്കുവേണ്ടി അവരെന്താണ് നല്‍കാന്‍ പോകുന്നതെന്നു നമുക്ക് നോക്കാം. രണ്ടുപേരും രണ്ട് ഇതിഹാസങ്ങളാണ്. സിനിമയില്‍ നിന്നും ധാരാളം പണം അവരുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പണംനേടാന്‍ അവര്‍ രാഷ്ട്രീയത്തിലേക്കിറങ്ങില്ല.
അവര്‍ നയിക്കുന്ന ജീവിതം അവര്‍ക്കു നല്‍കിയത് തമിഴ് ജനതയാണ്. ആ ജനതയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ട്. അവരെങ്ങും ഓടിപ്പോകുന്നില്ല. അവരുടെ പദ്ധതികള്‍ എന്താണെന്നു നമുക്ക് കാത്തിരുന്നു കേള്‍ക്കാമെന്നും കാര്‍ത്തി പറഞ്ഞു.