karthik lost his wife uma in road accident

ദിനം പ്രതി നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളാണ് റോഡിലൂടെ ചീറി പാഞ്ഞ് പോകുന്നത്. അതില്‍ ഭൂരിഭാഗം പേരും സര്‍ക്കാരിന് വേണ്ടി ഹെല്‍മറ്റ് ധരിക്കുന്നവരാണ് .അതില്‍ പിന്നിലിരിക്കുന്ന സഹയാത്രികര്‍ ആരും തന്നെ ഹെല്‍മറ്റ് ധരിക്കാറുമില്ല.

ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് ചെന്നെ സ്വദേശി കാര്‍ത്തിക്കിന് നഷ്ടമായത് 9 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍
ഒന്നായ ജീവിതസഖിയേയും5 മാസം വളര്‍ച്ചയെത്തിയ തന്റെ കുഞ്ഞിനേയുമാണ്. സന്തോഷം നിറഞ്ഞ കുടുബത്തില്‍ വില്ലനായി റോഡ്‌ അപകടം വന്ന കഥയും തന്റെ ഭാര്യയുമായുള്ള അവസാന സെല്‍ഫിയും ആ ചെറുപ്പകാരന്‍ സേഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുകയാണ്.

karthik

(കാര്‍ത്തിക്കിന്റെ ഫേസ്ബുക്ക്പോസ്റ്റ്‌ ആരംഭിക്കുന്നതിങ്ങനെ…
)
എന്റെ ഭാര്യക്കൊപ്പമുള്ള അവസാന സെല്‍ഫിയാണിത്. 2017 എന്ന പുതിയ വര്‍ഷത്തെ കുടുംബത്തോടൊപ്പം ഏറെ പ്രതീക്ഷകളോടെയാണ് ഞങ്ങള്‍ ഇരുവരും സ്വീകരിച്ചത്. എന്നാല്‍ ദൈവത്തിന്റെ തീരുമാനം വിപരീതമായിരുന്നു. ജനുവരി 7 നു രാവിലെ 6.40 ന് അണ്ണാ നഗറിനു സമീപത്തായി നടന്ന ഒരു അപകടത്തില്‍ ഭാര്യ ഉമയ്ക്ക് ഗുരുതരമായി പരുക്കേറ്റു. എന്റെ കൂടെ ബൈക്കിനു പിന്നില്‍ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു അവള്‍. ഉടന്‍ തന്നെ തൊട്ടടുത്തുള്ള സുന്ദരം ആശുപത്രിയില്‍ അവളെ പ്രവേശിപ്പിച്ചു. സിടി സ്‌കാനിങ് നടത്തിയ ശേഷം, തലയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് എന്നും വിദഗ്ധ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റണം എന്നും നിര്‍ദ്ദേശം നല്‍കി

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഉമയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോളോയിലെ ഡോക്ടര്‍മാര്‍ ഞങ്ങളോട് ഉമയുടെ തലയോട്ടി തുറന്നു ബ്ലോക്ക് ഉള്ളഭാഗം നീക്കം ചെയ്ത ചികിത്സ തുടരുന്നതിന് കുറിച്ചാണ് പറഞ്ഞത്.

വളരെ ശ്രമകരവും വിജയസാധ്യത കുറഞ്ഞതുമായ ശസ്ത്രക്രിയയാണ് അതെന്നും ഡോക്ടര്‍മാര്‍ മുന്‍പേ ഞങ്ങളോട് പറഞ്ഞിരുന്നു. കാരണം, ആ സമയത്ത്‌ ഉമയുടെ തലച്ചോറിന്റെ ഇടതുഭാഗം ഒട്ടും തന്നെ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. ആ സമയം ഉമയുടെ വയറ്റില്‍ 4 മാസവും 23 ദിവസവും പ്രായമുള്ള ഞങ്ങളുടെ കുട്ടി ഉണ്ടെന്ന് കൂടി ഓര്‍ക്കണം.

എന്നാല്‍ അപകടത്തെ തുടര്‍ന്ന് ഉമക്ക് പരിക്കേറ്റുവെങ്കിലും, ഞങ്ങളുടെ കുഞ്ഞിന് പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്നുള്ള ചികിത്സകള്‍ക്കിടയില്‍ അമ്മയും കുഞ്ഞും ജീവന് വേണ്ടി മല്ലടിച്ച് കൊണ്ടിരുന്നു. ആ പോരാട്ടം 5 ദിവസം നീണ്ടു നിന്നു. ജനുവരി 12 ന് ഉച്ചക്ക് 3.30 ആയപ്പോള്‍ ഞങ്ങളുടെ കുഞ്ഞ് ഈ ലോകത്തോട് വിടപറഞ്ഞു പോയി.

മരണപ്പെട്ട കുഞ്ഞു വയറ്റില്‍ തുടരുന്നത് അമ്മയുടെ ശരീരത്തെ വിഷമയമാക്കും എന്നതിനാല്‍, കുഞ്ഞിനെ ഒരു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഞങ്ങളുടെ ആദ്യകുഞ്ഞ്, ആണ്‍കുഞ്ഞായിരുന്നു. കാത്തിരുന്നു കിട്ടിയ കണ്‍മണിയെ 4 മാസം ഗര്‍ഭാവസ്ഥയില്‍ മൃതശരീരമായി കാണുക എന്നത് ഏതൊരച്ഛനും സഹിക്കാനാവാത്ത കാര്യമാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്നാലും, ഞാന്‍ ഉമയ്ക്ക് വേണ്ടി പിടിച്ചു നിന്നു.

ആ സമയം ഉമയുടെ അവസ്ഥയും ഏറെ മോശമായി വരികയായിരുന്നു. തലച്ചറിന്റെ ഒരു ഭാഗത്ത് ശക്തമായ നീര്‍ക്കെട്ടുണ്ടായി, തലച്ചോര്‍ പ്രതികരിക്കാതെയായി. ആ അവസ്ഥയില്‍ ഡോക്ടര്‍മാര്‍ അവയവദാനത്തെക്കുറിച്ച് ഞങ്ങളോട് സംസാരിച്ചു. ഞാനും ഉമയും അവയവദാനം ചെയ്യണം എന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഏറെ ആഗ്രഹിച്ചതായിരുന്നു. അതിനാല്‍ തന്നെ ഡോക്ടര്‍മാര്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ എനിക്കും ഉമയുടെ വീട്ടുകാര്‍ക്കും മറുത്ത് ചിന്തിക്കേണ്ടി വന്നില്ല.

വെന്റിലേറ്ററില്‍ കഴിയുന്ന ഉമയ്ക്ക് അവയവദാനത്തിലൂടെ ഏഴോ എട്ടോ പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിയും എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ അതില്‍ ആശ്വസം കണ്ടെത്താന്‍ ശ്രമിച്ചു. അവയവദാനത്തിനുള്ള നടപടികള്‍ സ്വീകരിച്ചു, എന്നാല്‍ അപ്പോഴേക്കും ഉമയുടെ നില വളരെ മോശമായി കഴിഞ്ഞിരുന്നു. അവളുടെ പള്‍സ് കുറഞ്ഞു, ഹീമോഗ്ലോബിന്‍ അളവ് വളരെ താഴ്ന്നു. അവയവദാനം നടക്കുന്നതുവരെ അവളെ പിടിച്ചു നിര്‍ത്താന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചു. എന്നാല്‍ ജനുവരി 13 ന് രാവിലെ 6 മണിക്ക് അവള്‍ എന്നെന്നേക്കുമായി ഞങ്ങളെ വിട്ടു പോയി.

എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ഇല്ലാതാകുന്ന നിമിഷമായിരുന്നു അത്. 2007 ആഗസ്റ്റ് 23 മുതല്‍ ഞാന്‍ അവളെ സ്‌നേഹിക്കുന്നു, നീണ്ട 9 വര്‍ഷത്തെ പ്രണയത്തിനു ശേഷം 2016 ആഗസ്റ്റ് 21 ന് ഞങ്ങള്‍ വിവാഹത്തിലൂടെ ഒന്നായി, കേവലം 5 മാസത്തെ ദാമ്പത്യത്തിനൊടുവില്‍ അവളെന്നെ തനിച്ചാക്കി പോകുകയും ചെയ്തിരിക്കുന്നു. ഒരു വ്യക്തി പൂര്‍ണമായും ഇല്ലാതാകാന്‍ ഇതിനപ്പുറം എന്ത് വേണം? ഞാന്‍ ഇനിയുള്ള ജീവിതം എങ്ങനെ ജീവിക്കും എന്ന് പോലും ചിന്തിക്കാതെയാണ് ദൈവം ഈ ക്രൂരത എന്നോട് കാണിച്ചതെന്ന് എനിക്ക് തോന്നും. ഈ വിഷമത്തിനിടയിലും, അവള്‍ക്ക് പ്രിയപ്പെട്ട എല്ലാവരെയും വിളിച്ചു വരുത്തി ഞാന്‍ അന്ന് വൈകിട്ട് 5.30 ന് അവളെ അവസാനയാത്രയാക്കി.

എന്തുകൊണ്ട് ഞാന്‍ ഈ പോസ്റ്റ് ഇടുന്നു?
ഇരുചക്ര വാഹനത്തിലെ അശ്രദ്ധമായ യാത്രയാണ് എനിക്ക് എന്റെ ഉമയെ നഷ്ടപ്പെടുത്തിയത്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ, റോഡിലൂടെ വാഹനം ഓടിക്കാവൂ എന്ന് നാം മനസിലാക്കണം. അപകടം നടക്കുമ്പോള്‍ ഞാന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു, എന്നാല്‍ എന്റെ പിന്നില്‍ ഇരിക്കുന്ന ഭാര്യക്ക് ഒരു ഹെല്‍മറ്റ് വാങ്ങി നല്‍കാന്‍ എനിക്കായില്ല. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഇരു യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണം.

ദൈവം ഒരാളെ തിരിച്ചു വിളിക്കാന്‍ ഉറപ്പിച്ചിട്ടുണ്ട് എങ്കില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രാര്‍ത്ഥിച്ചാലും ഫലം മറിച്ച് ആകില്ല, ഉമയുടെ കാര്യത്തില്‍ സംഭവിച്ചത് അതാണ്. അതിനാല്‍ വാഹനവുമായി റോഡിലേക്ക് ഇറങ്ങുമ്പോള്‍ സുരക്ഷാ ഉറപ്പു വരുത്തുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക” കാര്‍ത്തിക്കിന്റെ പോസ്റ്റ് അവസാനിക്കുന്നിടത്ത് ഒരു ജന്മത്തിന്റെ മുഴുവന്‍ വേദനയും നമ്മുടെ ഓരോരുത്തരുടെയും ജീവനെ കരുതിയുള്ള കരുതലും ഉണ്ട്.

Top