കാര്‍ത്തി നായകനാകുന്ന തമിഴ് ചിത്രം ദേവിന്റെ അണിയറപ്രവര്‍ത്തകര്‍ കുളു മണാലിയില്‍ അകപ്പെട്ടു. റോഡ് ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ നടന്‍ കാര്‍ത്തി ഇന്നലെ രാത്രിയോടെ സുരക്ഷിതമായി ചെന്നൈയില്‍ തിരിച്ചെത്തി. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മണാലിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും നടന്‍ തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു.
ചിത്രീകരണത്തിനായി ആറു ദിവസം മുന്നേയാണ് ദേവ് ടീം മണാലിയില്‍ എത്തുന്നത്. മൂന്നു ദിവസം മുന്‍പ് നായകനായ കാര്‍ത്തിയും മണാലിയിലെത്തിയിരുന്നു. എന്നാല്‍, പെട്ടെന്നുണ്ടായ മണ്ണിടിച്ചിലും പെരുംമഴയും കാരണം റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ മണിക്കൂറുകളോളം താരം റോഡില്‍ കുടുങ്ങികിടന്നു. റോഡ് തകര്‍ന്നതിനാല്‍ ഹില്‍സ്റ്റേഷനിലെ ലൊക്കേഷനിലേക്ക് പോകാന്‍ കഴിയാതെ കാര്‍ത്തി തിരിച്ച് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു. ഒരു കമ്മ്യൂണിക്കേഷനും സാധ്യമല്ലാതെ ഇപ്പോഴും സംവിധായകന്‍ അടക്കമുള്ള 140 പേര്‍ മലമുകളിലെ ലൊക്കേഷനില്‍ കുടുങ്ങികിടക്കുകയാണെന്നും കാര്‍ത്തി പറഞ്ഞു.
എന്നാല്‍ മലമുകളിലുള്ള ഞങ്ങള്‍ ഇപ്പോള്‍ സുരക്ഷിതരാണെങ്കിലും ഇവിടെ നെറ്റ്‌വര്‍ക്ക് ഇല്ല എന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പാലങ്ങള്‍ പലതും തകര്‍ന്നിരിക്കുന്നതിനാല്‍ ഉടനേ തിരിച്ച് വരാന്‍ കഴിയില്ല എന്നും അവര്‍ അറിയിച്ചിട്ടുണ്ട്.