തമിഴ് സിനിമയിലെ പ്രമുഖ നടനാണ് കാര്‍ത്തി. അടുത്തിടെ ഇറങ്ങിയ മണിരത്‌നം ചിത്രമായ പൊന്നിയന്‍ സെല്‍വനിലും, കമല്‍ഹാസന്‍ ചിത്രമായ വിക്രത്തിലെ ഡില്ലി റഫറന്‍സിലും വളരെ കൈയടി നേടിയ താരമായിരുന്നു കാര്‍ത്തി. ചിത്രങ്ങളില്‍ കാര്‍ത്തിയുടെ പ്രകടനം വാനോളം ഉയര്‍ന്നെങ്കിലും സമീപകാലത്ത് ഇറങ്ങിയ ജപ്പാനില്‍ ആ വിജയം കാണാന്‍ കഴിഞ്ഞില്ല. കരിയറില്‍ വലിയ പ്രതീക്ഷയോടെ എത്തിച്ച ചിത്രം ആ പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്.
രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ദീപാവലി റിലീസ് ആയി നവംബര്‍ 10 ന് ആയിരുന്നു തിയേറ്റര്‍ റിലീസ്. പ്രമുഖ ബാനര്‍ ആയ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ചിത്രം മികച്ച സ്‌ക്രീന്‍ കൗണ്ടോടെയാണ് തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ആദ്യദിനം തന്നെ ചിത്രം പ്രതീക്ഷയ്‌ക്കൊപ്പം എത്തിയില്ലെന്ന അഭിപ്രായമാണ് ലഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കളക്ഷന്‍ താഴേക്ക് പോയി. ഇപ്പോഴിതാ ചിത്രം ആദ്യ 10 ദിനങ്ങളില്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസം പകരുന്നതല്ല ആ കണക്കുകള്‍.
ആദ്യ 10 ദിനങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്ന് 20.25 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 5.25 കോടിയുമാണ് ജപ്പാന്‍ നേടിയത്. അതായത് ആകെ 25.5 കോടി. ഇതില്‍ ഭൂരിഭാഗവും ആദ്യവാരത്തെ കളക്ഷനാണ്. രണ്ടാം വാരം ബോക്‌സ് ഓഫീസില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തിയ ചിത്രത്തിന്റെ തിയറ്റര്‍ റണ്‍ അധികദൂരം മുന്നോട്ട് പോവില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.