നാലാം ക്ലാസ് തുല്യതാ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 100ല്‍ 98 മാര്‍ക്ക് നേടി കാര്‍ത്യായനി അമ്മ സംസ്ഥാനത്ത് ഒന്നാമതായി. കഴിഞ്ഞ ആഗസ്റ്റ് 10 ന് തുല്യതാ പരീക്ഷയെഴുതാന്‍ മുട്ടത്തെ കണിച്ചനെല്ലൂര്‍ യുപി സ്‌കൂളില്‍ എത്തിയ കാര്‍ത്യായനി അമ്മയുടേയും രാമചന്ദ്രന്‍ പിള്ളയുടേയും ഫോട്ടോ വൈറല്‍ ആയിരുന്നു.
42,933 പേര്‍ എഴുതിയ പരീക്ഷയിലെ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു കാര്‍ത്യായനി അമ്മ. കൂടെ പരീക്ഷ എഴുതിയ രാമചന്ദ്രന്‍ പിള്ള നേടിയത് 88 മാര്‍ക്കാണ്.വയോധികരിലെ നിരക്ഷരത തുടച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കിയ പദ്ധതിയാണ് അക്ഷരലക്ഷം. 42,933 പേര്‍ എഴുതിയ പരീക്ഷയില്‍ 42,330 പേര്‍ വിജയിച്ചു. 99.08 ശതമാനമാണ് ഈ വര്‍ഷത്തെ വിജയശതമാനം.
വായന, എഴുത്ത്, ഗണിതം എന്നീ മൂന്ന് മേഖലയിലായിരുന്നു പരീക്ഷ നടത്തിയത്. എഴുത്തില്‍ കാര്‍ത്യായനി അമ്മക്ക് ലഭിച്ചത് 40 ല്‍ 38 മാര്‍ക്കാണ്. വായനയിലും ഗണിതത്തിലും മുഴുവന്‍ മാര്‍ക്കും ലഭിച്ചു. തന്റെ 100-ാം വയസില്‍ പത്താംതരം തുല്യതാ പരീക്ഷ പാസാവുക എന്നതാണ് ഈ ആലപ്പുഴക്കാരി അമ്മയുടെ ലക്ഷ്യം.