സിബിഐ അന്വേഷണത്തിനു പിന്നാലെ കാര്‍ത്തി ചിദംബരം വിദേശത്തേക്ക്

ന്യൂഡല്‍ഹി: വീടുകളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടക്കുന്നതിനിടെ കാര്‍ത്തി ചിദംബരം ലണ്ടനിലേയ്ക്കു പോയതായി റിപ്പോര്‍ട്ട്.

അതേസമയം, കാര്‍ത്തി ചിദംബരം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് ലണ്ടന്‍ യാത്ര നടത്തിയതെന്ന് പിതാവും മുന്‍ കേന്ദ്രധനമന്ത്രിയുമായ പി. ചിദംബരം വ്യക്തമാക്കി.

ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കേ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് വഴി മാധ്യമസ്ഥാപനത്തിന് വിദേശനിക്ഷേപം ലഭ്യമാക്കാന്‍ അനധികൃത ഇടപെടല്‍ നടന്നുവെന്ന കേസില്‍ ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും സിബിഐ ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കാര്‍ത്തി വിദേശത്തേയ്ക്ക് പോയത്.

പെട്ടെന്നു തീരുമാനിച്ച യാത്രയായിരുന്നില്ല ഇതെന്നും വളരെ മുമ്പുതന്നെ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ വാങ്ങിയിരുന്നെന്നും കാര്‍ത്തി ചിദംബരം ദേശീയ മാധ്യമത്തോട് പറഞ്ഞു. വളരെ മുന്നേ നിശ്ചയിക്കപ്പെട്ട പ്രകാരമാണ് കാര്‍ത്തിയുടെ ലണ്ടന്‍ യാത്രയെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരികെവരുമെന്നും ചിദംബരവും
അറിയിച്ചു. കാര്‍ത്തിക്ക് ഒരുവിധത്തിലുള്ള യാത്രാവിലക്കും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കേ മാധ്യമശൃംഖലാ ഉടമ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ ഡയറക്ടര്‍മാരായ ഐ.എന്‍.എക്‌സ്. മീഡിയയ്ക്ക് വിദേശനിക്ഷേപം ലഭ്യമാക്കാന്‍ അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് ഇരുവര്‍ക്കുമെതിരായ കേസ്. 2007ല്‍ ഐ.എന്‍.എക്‌സ്. മീഡിയയ്ക്ക് 486 കോടി രൂപ വിദേശനിക്ഷേപപ്രോത്സാഹന ബോര്‍ഡ് വഴി അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നാണ് സി.ബി.ഐ. ആരോപിക്കുന്നത്. വ്യവസ്ഥകള്‍പ്രകാരം കമ്പനിക്ക് 4.6 കോടിമാത്രമേ ലഭിക്കാന്‍ അര്‍ഹതയുള്ളൂ. ഇതില്‍ വന്‍ അഴിമതിയാണ് നടന്നതെന്ന് സി.ബി.ഐ. ആരോപിക്കുന്നു. ഈ കാലയളവില്‍ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഇതുസംബന്ധിച്ച സേവനങ്ങള്‍ക്കായി ഐ.എന്‍.എക്‌സില്‍നിന്ന് കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്.

ഗൂഢാലോചന, വഞ്ചന, നിയമവിരുദ്ധമായി പാരിതോഷികം സ്വീകരിക്കല്‍, പൊതുപ്രവര്‍ത്തകരെ സ്വാധീനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സിബിഐ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ചെന്നൈയില്‍ ചിദംബരവും മകന്‍ കാര്‍ത്തിയും താമസിക്കുന്ന നുങ്കമ്പാക്കത്തെ വീട്ടിലും കില്‍പ്പോക്കിലെ ഓഫീസിലും കാരൈക്കുടിയില്‍ കാര്‍ത്തിയുടെ തന്നെ മറ്റൊരു വീട്ടിലുമായിരുന്നു ചൊവ്വാഴ്ച സിബിഐ പരിശോധന നടത്തിയത്. പീറ്റര്‍മുഖര്‍ജിയുടെ മുംബൈയിലെ വീട്ടിലും സി.ബി.ഐ. റെയ്ഡ് നടത്തി.

Top