ന്യൂഡല്‍ഹി: മാവോയിസ്റ്റുകളെ നിലമ്പൂര്‍ കാടിനുള്ളില്‍ വെടിവെച്ച് കൊന്ന പൊലീസ് നടപടിയില്‍ സിപിഎം കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തിയെന്ന് സൂചന.
മാവോയിസ്റ്റുകള്‍ പാര്‍ലമെന്ററി രാഷ്ട്രീയരംഗത്ത് ഇറങ്ങി ഇടതുപക്ഷ ചേരിയെ ശക്തിപ്പെടുത്തണമെന്ന നിലപാടുമായി മുന്നോട്ട് പോവുന്ന സിപിഎം-സിപിഐ കേന്ദ്ര നേതൃത്വങ്ങളുടെ നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാണ് കേരളത്തിലെ വെടിവെപ്പ്.
ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തിലിരിക്കെ തന്നെ നടന്ന ഈ പൊലീസ് നടപടി നീതികരിക്കത്തക്കതല്ലെന്ന നിലപാട് പരസ്യമാക്കി നേരത്തെ സിപിഐ രംഗത്ത് വന്നിരുന്നു.സിപിഎം സംസ്ഥാന നേതൃത്വമാകട്ടെ സംഭവം വിവാദമായിട്ടും ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടുമില്ല.
മാവോയിസ്റ്റുകളെ നിര്‍മാര്‍ജനം ചെയ്യുകയെന്നത് സിപിഎമ്മിന്റെ നയമല്ലെന്നും പകരം ആയുധം ഉപേക്ഷിച്ച് അവര്‍കൂടി ഉള്‍പ്പെട്ട ഒരു ഇടതുപക്ഷ മുന്നേറ്റമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നുമാണ് സിപിഎം കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതനായ ഒരു ഉപദേശകന്റെ അറിവോടെ പൊലീസ് നടത്തിയ ഓപ്പറേഷനാണ് നിലമ്പൂരിലുണ്ടായതെന്ന് വ്യക്തമായതും ഗൗരവത്തോടെയാണ് സിപിഎം നേതൃത്വം നോക്കി കാണുന്നത്. വെടിവെപ്പിനെ അഭിനന്ദിച്ച് ഈ ഉദ്യോഗസ്ഥന്‍ പരസ്യമായി രംഗത്ത് വന്നിരുന്നു.
മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതിന് പിന്നില്‍ മറ്റ് പല ‘താല്‍പര്യങ്ങളുമുണ്ടോ’യെന്ന കാര്യം കേരള സര്‍ക്കാര്‍ പരിശോധിക്കുമെന്നാണ് ഒരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയത്.
ആദിവാസികള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്നവരെ വെടിവെച്ച് കൊല്ലുന്ന നിലപാടിനോട് ഒരു കാരണവശാലും യോജിക്കില്ലെന്ന് വ്യക്തമാക്കുന്ന സിപിഎം കേന്ദ്ര നേതൃത്വം കേരളത്തിലെ പാര്‍ട്ടിയോടും സര്‍ക്കാരിനോടും ഇക്കാര്യത്തില്‍ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഡിജിപി പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തെ മറികടന്ന് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്.
ഇതിനിടെ മാവോയിസ്റ്റ് നേതാക്കളായ ദേവരാജ്, അജിത എന്നിവര്‍ കൊല്ലപ്പെട്ടതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നത് പൊലീസ് വാദത്തിന്റെ മുനയൊടിക്കുന്നതാണ്.
മുന്‍കൂട്ടി പ്ലാന്‍ ചെയ്ത വെടിവെപ്പല്ലെന്നും മാവോയിസ്റ്റുകള്‍ വെടിവെച്ചപ്പോള്‍ തിരിച്ച് വെടിവെയ്ക്കുകയായിരുന്നുവെന്നുമാണ് എസ്.പി ദേബേഷ്‌കുമാര്‍ ബഹ്‌റ പറഞ്ഞിരുന്നത്.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ദേവരാജിന്റെ ശരീരത്തില്‍ പതിനൊന്നും അജിതയുടെ ശരീരത്തില്‍ പത്തൊന്‍പതും ബുള്ളറ്റുകള്‍ തറഞ്ഞ് കയറിയതായി കണ്ടെത്തിയിട്ടുണ്ട്.പ്രത്യാക്രമണത്തിന് അവസരം കൊടുക്കാതെ വെടിവെപ്പ് നടത്തിയെന്ന് വ്യക്തം.
ജീവനോടെ പിടികൂടി നിയമത്തിന് മുന്നില്‍ ഹാജരാക്കാന്‍ സാഹചര്യമുണ്ടായിട്ടും പൊലീസ് മന:പൂര്‍വ്വം വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
മാവോയിസ്റ്റ് വേട്ടക്ക് നേതൃത്വം കൊടുക്കാന്‍ എസ്.പി ദേബേഷ് കുമാര്‍ ബഹ്‌റ സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നുവെന്നത് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ മനസ്സിലാകുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നോക്കി ആവശ്യമെങ്കില്‍ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാനാണ് തീരുമാനം.
അതേസമയം മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതിനോട് ഇടത് അണികള്‍ക്ക് പോലും യോജിപ്പില്ലാത്തതും ഗറില്ലാ യുദ്ധമുറകളുടെ തമ്പുരാനായ ഫിഡല്‍ കാസ്‌ട്രോയുടെ മരണവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിന് ഇപ്പോള്‍ ഗറില്ലാ ‘തന്ത്ര’ങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധമുണ്ടായതും മാവോയിസ്റ്റുകള്‍ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയനിരീക്ഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്.