ക്രിക്കറ്റ് താരം കരുണ്‍ നായര്‍ വിവാഹിതനാകുന്നു; വധു സനായ, വിവാഹം അടുത്ത വര്‍ഷം

ചെങ്ങന്നൂര്‍: യുവ ക്രിക്കറ്റ് താരം കരുണ്‍ നായര്‍ വിവാഹിതനാകുന്നു. ബംഗളൂരു സ്വദേശിനി സനായയാണു വധു. കഴിഞ്ഞദിവസം ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ മോതിരം മാറല്‍ ചടങ്ങും വിവാഹനിശ്ചയവും നടന്നു. മാലക്കര സ്വദേശി എംഡികെ നായരാണ് കരുണിന്റെ അച്ഛന്‍, അമ്മ പ്രേമ കെ നായര്‍ ചെങ്ങന്നൂര്‍ സ്വദേശിനിയുമാണ്.

ബംഗളൂരു സ്വദേശികളായ ജെ തക്കരിവാലയുടെയും പരീന്‍ തക്കരിവാലയുടെയും മകളാണു സനായ. അടുത്ത വര്‍ഷം ജനുവരി 16നു കരുണ്‍ ജനിച്ച് വളര്‍ന്ന നാടായ രാജസ്ഥാനില്‍ വെച്ച് വിവാഹം നടക്കും. ഏറെനാളത്തെ ഇരുവരുടേയും പ്രണയമാണ് ഇതോടെ സഫലമാകുന്നത്.

സനായയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ കരുണ്‍ നായര്‍ തന്നെയാണ് പുറത്തുവിട്ടത്. ‘മറ്റെന്തിനെക്കാളും നീയാണ് എന്റെ ലോകം പ്രകാശമയമാക്കിയത്’ എന്നായിരുന്നു കരുണ്‍ ചിത്രത്തിനു നല്‍കിയ തലക്കെട്ട്. വിവാഹമാണെന്ന കാര്യം അറിയിച്ചുകൊണ്ട് കഴിഞ്ഞ ജൂണ്‍ 29നും കരുണ്‍ സനായയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു.

ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടം പിടിച്ച വലംകൈയ്യന്‍ ബാറ്റ്സ്മാനായ കരുണ്‍ ഇന്ത്യയ്ക്കു വേണ്ടി ആറ് അന്താരാഷ്ട്ര ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ഒരു ട്രിപ്പിള്‍ സെഞ്ചുറി ഉള്‍പ്പെടെ 374 റണ്‍സാണ് ഇതുവരെ നേടിയത്.

Top