karuna-estate-issue-oommen chandy

oommen chandy

തിരുവനന്തപുരം: കരുണ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഭൂമിയില്ലെന്ന സര്‍വേ റിപ്പോര്‍ട്ടുണ്ടെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റെന്ന് രേഖകള്‍. 855 ഏക്കര്‍ ഭൂമി കമ്പനി ഉപയോഗിച്ച് വരുന്നു എന്ന് മാത്രമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ആദ്യം നല്‍കേണ്ടിയിരുന്നത് ഹൈക്കോടതിയിലാണ്. പകരം സര്‍ക്കാരിന് നല്‍കുകയും കോടതിയുടെ അഭിപ്രായം തേടാതെ സര്‍ക്കാര്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവിറക്കുകയും ചെയ്തു.

ഭൂമി അളക്കാനല്ലാതെ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സര്‍വേക്ക് അധികാരമില്ലെന്ന വസ്തുത അവഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് 3129 ഏക്കര്‍ ഭൂമി സര്‍വേ നടത്താനാണ് സര്‍ക്കാര്‍ 2014 നവംബറില്‍ ഉത്തരവിട്ടത്. കമ്പനിയുടെ കൈവശ രേഖകള്‍ വ്യാജമാണെന്നും കൈമാറ്റങ്ങള്‍ക്ക് നിയമസാധുതയില്ലെന്നും പോക്കുവരവ് റദ്ദാക്കണമെന്നുമാണ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

കൂടാതെ 1889ലെ പാട്ടാധാരപ്രകാരം കൈമാറിയ 3129 ഏക്കര്‍ ഭൂമിയും സര്‍വേ നടത്തണമെന്നും എന്നാല്‍ മാത്രമേ പ്രസ്തുത ഭൂമിയാണോ കരുണയുടെ കയ്യിലുള്ളതെന്ന് വ്യക്തമാകുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് പോക്കുവരവ് റദ്ദാക്കി സര്‍ക്കാര്‍ സര്‍വേയ്ക്ക് ഉത്തരവിടുന്നത്.

കരുണ എസ്‌റ്റേറ്റിന്റെ കൈവശാതിര്‍ത്തി അളന്ന് 840 ഏക്കര്‍ സ്ഥലം ഉണ്ടെന്ന് 2015 മാര്‍ച്ചില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. വനം വകുപ്പുമായി നിക്ഷിപ്ത വനഭൂമിയില്‍ സംയുക്ത സര്‍വേ നടത്തി. അതിര്‍ത്തി പങ്കിടുന്ന ഗ്രീന്‍ ലാന്‍ഡ് എസ്റ്റേറ്റിന്റെ ഭൂമിയും അളന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, 3129 ഏക്കറിലെ മറ്റ് കൈവശക്കാരുടെ ഭൂമിയെപ്പറ്റി പരാമര്‍ശമില്ല.

Top